ആഗോള ലോജിസ്റ്റിക്സ് രംഗത്ത് ചരിത്ര നേട്ടവുമായി ഒമാൻ
തുറമുഖങ്ങളിലെ മികച്ച പ്രവർത്തനക്ഷമതയും അതിവേഗത്തിലുള്ള ചരക്കുനീക്കവുമാണ് നേട്ടത്തിന് കാരണം

മസ്കത്ത്: ആഗോള ലോജിസ്റ്റിക്സ് രംഗത്ത് ചരിത്ര നേട്ടവുമായി ഒമാൻ. ലോക ബാങ്കിന്റെ കയറ്റുമതി വിതരണ ശൃംഖലാ സൂചികയിലാണ് ഒമാൻ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. തുറമുഖങ്ങളിലെ മികച്ച പ്രവർത്തനക്ഷമതയും അതിവേഗത്തിലുള്ള ചരക്കുനീക്കവുമാണ് ഒമാനെ മുന്നിലെത്തിച്ചത്.
ഒരു ഒഴിഞ്ഞ കണ്ടെയ്നർ പുറപ്പെട്ട്, ചരക്കുകൾ നിറച്ച് കയറ്റുമതിക്ക് സജ്ജമാകുന്നതുവരെയുള്ള സമയം വെറും 0.8 ദിവസമായി കുറച്ചുകൊണ്ടാണ് ഒമാൻ നേട്ടം കൈവരിച്ചത്. ലോകബാങ്കിന്റെ അംഗീകാരം ഒമാന്റെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളുടെ കരുത്ത് കാണിക്കുന്നതാണ്. യഥാർത്ഥ ഷിപ്പ്മെന്റ് ഡാറ്റ അടിസ്ഥാനമാക്കിയാണ് ഇത്തവണ ലോകബാങ്ക് ഇൻഡക്സ് തയ്യാറാക്കിയത്.
കയറ്റുമതിയിൽ മാത്രമല്ല, ഇറക്കുമതി കാര്യക്ഷമത അളക്കുന്ന 'ഇംപോർട്ട് സപ്ലൈ ചെയിൻ ടെർമിനേഷൻ' സൂചികയിലും ലോകത്തെ 165 രാജ്യങ്ങളിൽ ഒമ്പതാം സ്ഥാനവും ഒമാൻ നേടി. കൂടാതെ തപാൽ-വാണിജ്യ ഷിപ്പ്മെന്റുകളുടെ വേഗതയിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ പതിനാറാം സ്ഥാനത്തുമാണ് രാജ്യം.
ഷിപ്പിംഗ് സഖ്യങ്ങളുടെ എണ്ണത്തിൽ ആഗോളതലത്തിൽ 25-ാം സ്ഥാനത്തുള്ള ഒമാൻ, നേരിട്ടുള്ള കടൽ കണക്റ്റിവിറ്റിയിലൂടെ ലോകത്തെ പ്രമുഖ വിപണികളിലേക്കുള്ള പ്രധാന പ്രവേശന കവാടമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
Adjust Story Font
16

