പുരസ്കാര തിളക്കത്തിൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം
2025ലെ പബ്ലിക് ആർക്കിടെക്ചർ അവാർഡാണ് മ്യൂസിയം സ്വന്തമാക്കിയത്

മസ്കത്ത്: വീണ്ടും പുരസ്കാര തിളക്കത്തിൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം. 2025ലെ പബ്ലിക് ആർക്കിടെക്ചർ അവാർഡാണ് ഒമാന്‍റെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന കേന്ദ്രം നേടിയത്. ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിലും മ്യൂസിയം ഇടംനേടിയിരുന്നു. യുനെസ്കോയുടെ പ്രിക്സ് വെർസൈൽസ് തയ്യാറാക്കിയ പട്ടികയിലാണ് എക്രോസ് ഏജസ് മ്യൂസിയത്തെ ഉൾപ്പെടുത്തിയിരുന്നത്.
ഇന്റർനാഷണൽ പ്രോജക്ട്സ് വിഭാഗത്തിൽ ആസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്‌ട്‌സ് ആണ് പുരസ്കാരം നൽകുന്നത്. ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന എക്‌സ്‌പോ 2025ലെ ആസ്ട്രേലിയൻ പവലിയനിൽ വെച്ചായിരുന്നു അവാർഡ് പ്രഖ്യാപനം. സുൽത്താനേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക പദ്ധതികളിൽ ഒന്നാണ് ഒമാൻ എക്രോസ് ഏജസ് മ്യൂസിയം. ആസ്‌ട്രേലിയൻ സ്ഥാപനമായ കോക്സ് ആർക്കിടെക്ചറാണ് രൂപകൽപ്പന ചെയ്തത്. ഒമാന്‍റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന കേന്ദ്രം 2023 മാർച്ച് 13നാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒന്നാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചിരുന്നു. മ്യൂസിയം തുറന്ന് ഏകദേശം പത്ത് മാസമാകുമ്പോഴേക്കും മൂന്നരലക്ഷത്തിലധികം ആളുകളായിരുന്നു ചരിത്ര കൗതുകങ്ങൾ തേടി ഇവിടെ എത്തിയത്. സുൽത്താനേറ്റിന്‍റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നുനൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് 2015 ജൂലൈ 14നാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
Adjust Story Font
16

