ഉപഗ്രഹ സാങ്കേതിക വിദ്യയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഒമാൻ
ബഹിരാകാശ വ്യവസായത്തിന് ആവശ്യമായ വിദഗ്ധരെ ഒമാനിൽ തന്നെ വാർത്തെടുക്കും
മസ്കത്ത്: ഉപഗ്രഹ സാങ്കേതിക വിദ്യയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഒമാൻ. ക്യൂബ് സാറ്റ് ഉപഗ്രഹം വികസിപ്പിക്കുന്നതിലൂടെ വിദ്യാർഥികൾക്കും എൻജിനീയർമാർക്കും ബഹിരാകാശ സാങ്കേതിക വിദ്യയിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് പദ്ധതി. ഉപഗ്രഹ വികസനത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രായോഗികവും ആധുനികവുമായ പരിശീലനം നൽകും.
ഒമാൻ ആസ്ഥാനമായുള്ള സ്പേസ് ടെക്നോളജി കമ്പനിയായ ഒമാൻ ലെൻസ് മസ്കത്തിൽ നടന്ന മിഡിൽ ഈസ്റ്റ് സ്പേസ് കോൺഫറൻസിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒരു ക്യൂബ് സാറ്റ് ഉപഗ്രഹം വികസിപ്പിക്കുന്നതിലൂടെയും നിർമിക്കുന്നതിലൂടെയും ഒമാനിലെ വിദ്യാർഥികൾക്കും എൻജിനീയർമാർക്കും ബഹിരാകാശ സാങ്കേതിക വിദ്യയിൽ പ്രായോഗിക പരിശീലനം നൽകുമെന്നാണ് പ്രഖ്യാപനം. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒമാനിലെ പ്രമുഖ സർവകലാശാലകളിലെ വിദ്യാർഥികളെയും ഗവേഷകരെയും ഉൾപ്പെടുത്തി ഉപഗ്രഹത്തിന്റെ എൻജിനീയറിങ് മാതൃക ഒമാനിൽ വെച്ച് നിർമിക്കും.
തെരെഞ്ഞെടുക്കപ്പെട്ടവർക്ക് ഒമാൻ ലെൻസിന്റെ സാങ്കേതിക പങ്കാളിയായ ചൈനയിലെ സ്റ്റാർ വിഷൻ ആസ്ഥാനത്ത് വിദഗ്ദ പരിശീലനം നൽകുകയും ഉപഗ്രഹത്തിന്റെ അന്തിമ മാതൃക നിർമിക്കുകയും ചെയ്യും. ഉപഗ്രഹ രൂപകൽപന, അസംബ്ലിങ് പരിശോധന റിമോട്ട് സെൻസിങ് ഭൗമ നിരീക്ഷണം തുടങ്ങിയ മേഖലയിലായിരിക്കും പരിശീലനം നൽകുക. ബഹിരാകാശ വ്യവസായത്തിന് ആവശ്യമായ വിദഗ്ധരെ ഒമാനിൽ തന്നെ വാർത്തെടുക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് പദ്ധതി.
Adjust Story Font
16

