ഇറാനെതിരെയുള്ള ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഒമാൻ
ഇസ്താംബൂളിൽ നടന്ന അറബ് ലീഗ് മന്ത്രിതല യോഗത്തിലാണ് പ്രതികരണം

മസ്‌കത്ത്: ഇസ്താംബൂളിൽ നടന്ന അറബ് ലീഗ് മന്ത്രിതല യോഗത്തിൽ ഇറാനെതിരെയുള്ള ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ഒമാൻ. ഐക്യരാഷ്ട്രസഭയിലെ ഒരു അംഗരാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനവും പ്രാദേശിക സുരക്ഷയെ അപകടപ്പെടുത്തുന്ന ഗുരുതരമായ സംഘർഷാവസ്ഥയുമാണെന്ന് യോഗം വിശേഷിപ്പിച്ചു. ഈ ആക്രമണം അവസാനിപ്പിക്കേണ്ടതിന്റെയും സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെയും ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു. വെടിനിർത്തലിനും സമഗ്രമായ ശാന്തതയ്ക്കും വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്നുള്ള ഒമാന്റെ ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണ്. നാലാം ഘട്ടത്തിന്റെ ഭാഗമായി 294 ഒമാനികളെയും വിദേശ പൗരന്മാരെയുമാണ് സുരക്ഷിതമായി ഒമാനിൽ തിരിച്ചെത്തിച്ചത്. തുർക്കി വഴിയാണ് ഇവരെ കൊണ്ടുവന്നത്. മസ്‌കത്ത് വിമാനത്താവളത്തിൽ എത്തിയ സംഘത്തിന് ഊഷ്മള വരവേൽപ്പാണ് ബന്ധുക്കളും മറ്റ് അധികൃതരും നൽകിയത്. അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഇറാനിയൻ നഗരമായ മഷാദിൽ നിന്ന് 181 ഒമാനി പൗരന്മാരെയും മറ്റ് വിദേശികളെയും മസ്‌കത്തിൽ എത്തിച്ചു. തുർക്ക്‌മെനിസ്ഥാൻ വഴിയാണ് സംഘം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
Adjust Story Font
16

