മയക്കുമരുന്ന് കടത്തുകാരുടെ എല്ലാ അടവുകളും പൊളിയും; ഒമാൻ കസ്റ്റംസിന്റെ പുതിയ നീക്കം ഇങ്ങനെ
കഴിഞ്ഞ ദിവസം 70000 റിയാലിലധികം മൂല്യമുള്ള മയക്കുമരുന്ന് കടത്ത്, റോയൽ ഒമാൻ പൊലീസ് പരാജയപ്പെടുത്തിയിരുന്നു

മസ്‌കത്ത്: അതിർത്തി വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയാൻ ഡാറ്റാ വിശകലനവും ഇന്റലിജൻസ് അധിഷ്ഠിത പരിശോധനകളും ശക്തമാക്കി ഒമാൻ കസ്റ്റംസ്. കടത്തുശ്രമങ്ങൾ കണ്ടെത്താൻ ആധുനിക സാങ്കേതികവിദ്യയും അന്തർദേശീയ ഏജൻസികളുടെ സഹകരണവുമാണ് കസ്റ്റംസ് പ്രയോജനപ്പെടുത്തുന്നത്.
കയറ്റുമതികൾ, യാത്രക്കാർ, ഗതാഗത മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി വിശകലനം ചെയ്ത് സംശയാസ്പദമായ കേസ്സുകൾ കൃത്യമായി ലക്ഷ്യമിടുകയാണ് കസ്റ്റംസ് അധികൃതർ. കള്ളക്കടത്തുകാരുടെ പുതിയ മറച്ചുവെക്കൽ രീതികളും വിതരണ ശൃംഖലകളും തിരിച്ചറിയാൻ മുൻകാല കേസുകളുടെ പാറ്റേണുകൾ വിശകലനം ചെയ്യുന്നു. കര, കടൽ, വ്യോമ, തപാൽ അതിർത്തികളിൽ കണ്ടെയ്‌നറുകൾ, പാഴ്സലുകൾ, ലഗേജുകൾ, വാഹനങ്ങൾ എന്നിവ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ കൂടുതൽ അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നുണ്ട്.
അന്താരാഷ്ട്ര കസ്റ്റംസ് ശൃംഖലകൾ, ജുഡീഷ്യൽ-സുരക്ഷാ ഏജൻസികൾ എന്നിവയുമായി തത്സമയ വിവരങ്ങൾ പങ്കുവെച്ചാണ് സംയുക്ത നീക്കങ്ങൾ നടക്കുന്നത്. ഉദ്യോഗസ്ഥർക്ക് നൽകുന്ന വിപുലമായ പരിശീലനത്തിന് പുറമെ, വിപണിയിലേക്കുള്ള മയക്കുമരുന്നിന്റെ ഒഴുക്ക് തടയുന്നതിനൊപ്പം മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താനുള്ള ശ്രമവും ഒമാൻ കസ്റ്റംസ് നടത്തുന്നു. അതേസമയം കഴിഞ്ഞ ദിവസം 70000 ഒമാനി റിയാലിലധികം വിലവരുന്ന മയക്കുമരുന്ന് കടത്ത് സംയുക്ത നീക്കത്തിലൂടെ റോയൽ ഒമാൻ പൊലീസ് പരാജയപ്പെടുത്തിയിരുന്നു
Adjust Story Font
16

