Quantcast

ഒമാനിൽ പിഴ കൂടാതെ വിസ കാലാവധി പുതുക്കൽ; ഗ്രേസ് പിരീഡ് ഡിസംബർ 31 വരെ നീട്ടി

റസിഡന്റ്സ് കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് നിലവിൽ പിഴകൾ ഇല്ലാതെ തന്നെ കരാർ പുതുക്കാൻ ഈ ഇളവ് വഴി സാധിക്കും

MediaOne Logo

Web Desk

  • Published:

    28 July 2025 3:55 PM IST

ഒമാനിൽ പിഴ കൂടാതെ വിസ കാലാവധി പുതുക്കൽ; ഗ്രേസ് പിരീഡ് ഡിസംബർ 31 വരെ നീട്ടി
X

മസ്‌കത്ത്: ഒമാനിൽ വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കാനുള്ള സമയപരിധി ജൂലൈ 31ൽ നിന്ന് 2025 ഡിസംബർ 31 വരെ നീട്ടി. പൊതുജനങ്ങളുടെ ആവശ്യപ്രകാരം, ഗുണഭോക്താക്കൾക്ക് നിയമം പാലിക്കുന്നതിന് കൂടുതൽ അവസരം നൽകുന്നതിനായി, തൊഴിൽ മന്ത്രാലയം വ്യക്തികൾക്കും ജീവനക്കാർക്കും സ്റ്റാറ്റസ് തിരുത്തൽ കാലയളവ് 2025 ഡിസംബർ 31 വരെ നീട്ടുന്നതായി പ്രഖ്യാപിച്ചത്. തൊഴിൽ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾക്ക് അവരുടെ നിയമപരമായ പദവി ശരിയാക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഈ അന്തിമ വിപുലീകരണത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം പറഞ്ഞു.

തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനായി ജനുവരിയിലാണ് മന്ത്രാലയം സംരംഭത്തിന് തുടക്കമിട്ടത്. ഏഴ് വർഷത്തിൽ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നൽകുക. കോവിഡ് കാലയളവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴകൾ കൂടാതെ കരാർ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അംഗീകൃത സേവന വിതരണ ചാനലുകളിലൂടെയും സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.

റസിഡന്റ്സ് കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് നിലവിൽ പിഴകൾ ഇല്ലാതെ തന്നെ കരാർ പുതുക്കാൻ ഈ ഇളവ് വഴി സാധിക്കും. വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനനുസരിച്ച് റസിഡന്റ്സ് കാർഡിന്റെ എല്ലാ പിഴകളും ഒഴിവാക്കപ്പെടും. നോൺ വർക്ക് വിസകളുമായി ബന്ധപ്പെട്ട പിഴകളും ഒഴിവാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചിരുന്നു. തങ്ങളുടെ പദവി സ്ഥിരപ്പെടുത്തി രാജ്യത്ത് തുടരാനോ, ശരിയായ സാഹചര്യത്തിൽ ജോലി നേടാനോ, അല്ലെങ്കിൽ പിഴകൾ കൂടാതെ നിയമപരമായി കരാർ റദ്ദാക്കി തിരികെ പോകാനോ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകുകയാണ് തൊഴിൽ മന്ത്രാലയം. രാജ്യത്തെ തൊഴിൽ വിപണിക്ക് ഉണർവ് പകർന്ന് 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്പത്തിക ഒത്തുതീർപ്പുകളുടെയും പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

TAGS :

Next Story