Quantcast

ഖരീഫിനെ വരവേൽക്കാൻ സലാലയിലേക്ക് അധിക സർവീസുകൾ; ഒമാൻ എയറും സലാം എയറും സജ്ജം

എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ 68 വിദേശ വിമാന സർവീസുകളും ലഭ്യമാകും

MediaOne Logo

Web Desk

  • Published:

    15 Jun 2026 6:19 PM IST

Oman gears up for Dhofar Khareef 2026 with increased flights to Salalah
X

മസ്കത്ത്: ഇത്തവണത്തെ ദോഫാർ ഖരീഫ് സീസണ് സജ്ജമായി ഒമാൻ. ജൂൺ 21 മുതൽ സെപ്തംബർ 20 വരെ നീളുന്ന ടൂറിസം സീസണിൽ സലാലയിലേക്കുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് വിമാന സർവീസുകളുടെ എണ്ണവും സീറ്റ് ശേഷിയും വർധിപ്പിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഖരീഫ് സീസണിൽ വിനോദസഞ്ചാരികൾക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കാൻ വിവിധ പങ്കാളികളുമായി സഹകരിച്ചാണ് വിപുലമായ പ്രവർത്തന പദ്ധതികൾ അതോറിറ്റി ആവിഷ്കരിച്ചിരിക്കുന്നത്.

ജൂലൈ ആദ്യം മുതൽ സെപ്തംബർ 5 വരെ ഖരീഫ് ഷെഡ്യൂൾ പ്രകാരം ഒമാൻ എയർ സർവീസ് നടത്തും. തിരക്കുള്ള ദിവസങ്ങളിൽ പ്രതിദിനം 13 വിമാനങ്ങൾ വരെ മസ്‌കത്ത്-സലാല റൂട്ടിൽ ഉണ്ടാകും. ഈ സീസണിൽ ഏകദേശം 3,30,000 സീറ്റുകളും 2,98,000 യാത്രക്കാരെയു‌മാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ജൂലൈ ആദ്യം മുതൽ ഓഗസ്റ്റ് 31 വരെ സലാം എയറും സർവീസുകൾ നടത്തും. തിരക്കേറിയ സമയങ്ങളിൽ പ്രതിദിനം 10 വിമാനങ്ങൾ വരെ സലാം എയർ പ്രവർത്തിപ്പിക്കും. 984 സർവീസുകളിലായി 1,90,844 സീറ്റുകളാണ് കമ്പനി ഒരുക്കുന്നത്. 2024-ൽ ഏർപ്പെടുത്തിയ അതേ നിരക്കുകൾ തന്നെ ഒമാൻ എയർ തുടരും. യോഗ്യരായ യാത്രക്കാർക്ക് ടൂ-വേ ടിക്കറ്റിന് 54 ഒമാനി റിയാലും വൺ-വേ ടിക്കറ്റിന് 32 റിയാലും ആയിരിക്കും കമ്പനിയുടെ നിരക്ക്. ബുക്കിങ് സമയം, ലഗേജ് സൗകര്യം എന്നിവ അടിസ്ഥാനമാക്കി മൂന്ന് വിഭാഗങ്ങളിലായാണ് സലാം എയർ ടിക്കറ്റുകൾ ലഭ്യമാക്കുക. വൺ-വേ ടിക്കറ്റുകൾ 9.99 റിയാലിൽ തുടങ്ങി, ലഗേജ് സഹിതമുള്ള ടൂ-വേ ടിക്കറ്റുകൾക്ക് 56.99 റിയാൽ വരെയാണ് നിരക്ക്.

ഖരീഫ് സീസണിൽ സലാലയിലേക്ക് കൂടുതൽ അന്താരാഷ്ട്ര സർവീസുകളും ലഭ്യമാണ്. ദമ്മാം, ബാഗ്ദാദ് എന്നിവിടങ്ങളിൽ നിന്ന് സലാം എയർ സലാലയിലേക്ക് നേരിട്ട് സർവീസ് നടത്തുന്നു. ജൂലൈ 3 മുതൽ ദുബൈ-സലാല റൂട്ടിൽ ഒമാൻ എയർ ആഴ്ചയിൽ മൂന്ന് സർവീസുകളും നടത്തും. ഇവയെ കൂടാതെ അന്താരാഷ്ട്ര എയർലൈനുകളും അധിക സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ 4 വിമാനങ്ങളും യുഎഇയിൽ നിന്ന് ഇത്തിഹാദ് എയർവേയ്‌സിന്റെ 39 വിമാനങ്ങളും സർവീസ് നടത്തുന്നു. എയർ അറേബ്യ, ഫ്ലൈ ദുബൈ എന്നിവയും അധിക സർവീസ് നടത്തുന്നവയിൽപെട്ടവാണ്. കൂടാതെ, സൗദിയിൽ നിന്ന് ഫ്ലൈനാസിന്റെ 11 വിമാനങ്ങളും ഖത്തറിൽ നിന്ന് ഖത്തർ എയർവേയ്‌സിന്റെ 14 വിമാനങ്ങളും ഖരീഫ് സീസണിന്റെ ഭാ​ഗമായി സർവീസ് നടത്തും.

വിദേശ എയർലൈനുകൾ വഴി ആകെ 68 അധിക സർവീസുകളാണ് സലാലയിൽ എത്തുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി. ദോഫാറിനെ മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി നിലനിർത്താനും ഒമാനിലെ വ്യോമയാന മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ മുഹമ്മദ് ബിൻ അഹമ്മദ് അൽ യാഫി പറഞ്ഞു.

TAGS :

Next Story