ഒമാൻ ഹജ്ജ് മിഷന് അന്താരാഷ്ട്ര അംഗീകാരം
തീർഥാടകർക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും ഒരുക്കിയതിനാണ് പുരസ്കാരം

മസ്കത്ത്: ഒമാൻ ഹജ്ജ് മിഷന് അന്താരാഷ്ട്ര അംഗീകാരം. തീർഥാടകർക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും ഒരുക്കിയതിന് 'ലബൈത്തും' സിൽവർ പുരസ്കാരമാണ് ഒമാൻ സ്വന്തമാക്കിയത്. ഇസ്‌ലാമിക രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളുടെ വിഭാഗത്തിലാണ് ഒമാന്റെ നേട്ടം. ഒമാൻ ഹജ്ജ് മിഷന്റെ ഡിജിറ്റൽ സേവനങ്ങളും അവാർഡ് നിർണ്ണയത്തിൽ നിർണ്ണായകമായിരുന്നു.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഹജ്ജ് മിഷനുകൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സൗദി മന്ത്രാലയം ഈ പുരസ്കാരം നൽകിവരുന്നത്. പ്രവർത്തനക്ഷമത, ഫീൽഡ് സേവനങ്ങളുടെ ഗുണനിലവാരം, കൃത്യമായ ക്രൗഡ് മാനേജ്‌മെന്റ്, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയുൾപ്പെടെ വിലയിരുത്തിയാണ് ഒമാനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
തീർഥാടകരുടെ ആരോഗ്യവിവരങ്ങൾ വേഗത്തിലും സുരക്ഷിതമായും ലഭ്യമാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം 'ശിഫ' ആപ്പിൽ 'ഹജ്ജ് ക്ലിനിക്ക്' എന്ന പ്രത്യേക ഡിജിറ്റൽ സംവിധാനവും ക്യു.ആർ കോഡ് സാങ്കേതികവിദ്യയും സജ്ജീകരിച്ചിരുന്നു. നേട്ടം ഒമാൻ ഹജ്ജ് മിഷന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് ഔഖാഫ്-മതകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറിയും ഒമാൻ ഹജ്ജ് മിഷൻ മേധാവിയുമായ അഹമ്മദ് ബിൻ സാലിഹ് അൽ-റാഷിദി പറഞ്ഞു. ഒമാനി ഹാജിമാർക്ക് വരും വർഷങ്ങളിൽ കൂടുതൽ സുഗമവും സുരക്ഷിതവുമായ ഹജ്ജ് അനുഭവം ഒരുക്കാൻ ഈ പുരസ്കാരം വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

