പെരുന്നാൾപ്പൊലിമയിൽ ഒമാൻ; രാജ്യത്തുടനീളം വിപുലമായ ഈദ് ഗാഹുകൾ
സോഹാറിലെ ഈദ് നമസ്‌കാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് പങ്കെടുത്തു

മസ്‌കത്ത്: ഒമാനിലുടനീളം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ബലിപെരുന്നാൾ ആഘോഷിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സോഹാറിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌കിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു. രാജകുടുംബാംഗങ്ങളും വിവിധ സുരക്ഷാ സേനകളിലെ ഉന്നത ഉദ്യോഗസ്ഥരും സുൽത്താനെ അനുഗമിച്ചു. രാജ്യത്തെ ഔഖാഫ് മസ്ജിദുകളിലും പുലർച്ചെ തന്നെ പ്രത്യേക പെരുന്നാൾ നമസ്‌കാരങ്ങൾ നടന്നു.
വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പള്ളികളിലും ഈദ് ഗാഹുകളിലുമായി വിപുലമായ രീതിയിലാണ് പെരുന്നാൾ നമസ്‌കാരങ്ങൾ സംഘടിപ്പിച്ചത്. മസ്‌കത്ത്, സൊഹാർ, സലാല, ഇബ്രി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നമസ്‌കാരങ്ങളിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഗാല അൽ റൂസൈകി ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് അബ്ദുൾ കരീം നേതൃത്വം നൽകി.
അഫ്ക്ക ബർകയുടെ നേതൃത്വത്തിൽ നടന്ന ഈദ് ഗാഹിലെ നമസ്‌കാരത്തിന് ഫസൽ കതിരൂരും, ബു അലിയിൽ നടന്ന ഈദ് ഗാഹിന് സി അലിയും നേതൃത്വം വഹിച്ചു. ഇബ്രിയിൽ അബ്ദുറഹിമാൻ കിണവക്കൽ, സൂറിൽ അഫ്സൽ കൊല്ലം എന്നിവരും മബേല അൽ ശാദി ടർഫിൽ നടന്ന ഈദ് ഗാഹിന് റഹ്മത്തുല്ല മഗ്രിബിയും നേതൃത്വം നൽകി. ഹയ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് മുസ്തഫ റഹ്മാനി പാലപ്പെട്ടിയാണ് നേതൃത്വം നൽകിയത്.
സമസ്ത ഇസ്ലാമിക് സെന്ററിന് കീഴിൽ രാജ്യത്തുടനീളമുള്ള മസ്ജിദുകളിൽ പെരുന്നാൾ നമസ്‌കാരങ്ങൾ വിജയകരമായി സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാന്റെ കീഴിലും വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ നടന്നു. റൂവി കെ എം പരിസരത്ത് നടന്ന ഈദ് ഗാഹിന് ഹനീഫ് ഫാറൂഖി പുത്തൂരും, റൂവി കരാമ കോമ്പൗണ്ടിൽ നടന്ന ഈദ് ഗാഹിന് ഹാഷിം അംഗടിമുഗറും നേതൃത്വം നൽകി.
Adjust Story Font
16

