ഇന്ത്യ-ഒമാൻ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഫോൺ സംഭാഷണം; വിവിധ മേഖലകളിലെ സഹകരണം ചർച്ചയായി
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിലെ നിലവിലെ സഹകരണം വിപുലീകരിക്കുന്നത് ഇരു മന്ത്രിമാരും ചർച്ച ചെയ്തു

മസ്കത്ത്: നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഫോൺ സംഭാഷണം നടത്തി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറുമാണ് ബുധനാഴ്ച ഉഭയകക്ഷി ബന്ധം വിലയിരുത്തിയത്. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിലെ നിലവിലെ സഹകരണം വിപുലീകരിക്കുന്നത് ഇരു മന്ത്രിമാരും ചർച്ച ചെയ്തു. നിലവിലുള്ള കരാറുകൾക്ക് ഊന്നൽ നൽകാനും, പ്രാദേശിക സ്ഥിരതയും പങ്കാളിത്ത താൽപര്യങ്ങളും ഉറപ്പാക്കാനുമുള്ള സംയുക്ത ശ്രമങ്ങൾ തുടരാനും ചർച്ചയിൽ പ്രാധാന്യം നൽകി.
വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ, സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ എന്നിവയും സംഭാഷണത്തിൽ വിഷയമായി. പ്രാദേശികമായ സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയും, സുരക്ഷാ, മാനുഷിക വിഷയങ്ങളിലെ നിലവിലെ ഏകോപനം തുടരാനും തീരുമാനിച്ചു. ഗ്രീക്ക് കപ്പലായ എറ്റേണിറ്റി സി-യിലെ ഇന്ത്യൻ ജീവനക്കാരെ മോചിപ്പിക്കുന്നതിനും നാട്ടിലെത്തിക്കുന്നതിനും ഒമാൻ അടുത്തിടെ നൽകിയ മാനുഷിക സഹായം സംഭാഷണത്തിൽ പ്രത്യേകം പരാമർശിച്ചു.
Adjust Story Font
16

