Quantcast

എബോള വ്യാപനം; വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ജാഗ്രതാ നിർദേശവുമായി ഒമാൻ

രോ​ഗവ്യാപന രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 21 ദിവസത്തെ ഐസൊലേഷൻ

MediaOne Logo

Web Desk

  • Published:

    25 May 2026 1:17 PM IST

Oman issues Ebola travel advisory for passengers, airlines
X

മസ്കത്ത്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ 'ബൂൻഡിബുഗ്യോ' വകഭേദത്തിൽപ്പെട്ട എബോള വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ). ലോകാരോഗ്യ സംഘടനയുടെ (WHO) ശിപാർശകളുടെയും രാജ്യാന്തര ആരോഗ്യ അപ്‌ഡേറ്റുകളുടെയും അടിസ്ഥാനത്തിലാണ് അതോറിറ്റി സർക്കുലർ പുറത്തിറക്കിയത്. ഒമാനിലെ മെഡിക്കൽ റെസ്‌പോൺസ് സെക്ടറുമായി സഹകരിച്ചാണ് ജാ​ഗ്രതാ നിർദേശം.

എബോള പടർന്നുപിടിക്കുന്ന പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. അടിയന്തരമായി യാത്ര ചെയ്യുന്നവർ പ്രാദേശിക ഭരണകൂടങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യ അപ്‌ഡേറ്റുകൾ കൃത്യമായി പിന്തുടരണം. കൂടാതെ മതിയായ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും അതോറിറ്റി നിർദേശിച്ചു. യാത്രക്കിടയിൽ പനി, രക്തസ്രാവം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗബാധിതരുമായി യാതൊരു കാരണവശാലും സമ്പർക്കം പുലർത്തരുത്. രോഗബാധിതരുടെ ശാരീരിക ദ്രവങ്ങൾ, രക്തം, അവരുടെ വ്യക്തിപരമായ വസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യരുത്. രോഗം ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കുന്നത് ഒഴിക്കണമെന്നും നിർദേശമുണ്ട്.

വൈറസ് ബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുകയോ ശരിയായി വേവിക്കാത്ത മാംസം കഴിക്കുകയോ ചെയ്യരുത്. കൈകൾ ഇടയ്ക്കിടെ സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് ഒമാനിൽ തിരിച്ചെത്തുന്ന യാത്രക്കാർ രാജ്യം വിട്ട തീയതി മുതൽ 21 ദിവസത്തേക്ക് തങ്ങളുടെ ആരോഗ്യസ്ഥിതി സ്വയം നിരീക്ഷിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഈ കാലയളവിൽ പനി, കഠിനമായ തലവേദന, വയറിളക്കം, ഛർദ്ദി, വിശദീകരിക്കാനാകാത്ത രക്തസ്രാവം അല്ലെങ്കിൽ കടുത്ത തളർച്ച എന്നിവ അനുഭവപ്പെട്ടാൽ, ഉടൻ തന്നെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കണം.

ചികിത്സ തേടുമ്പോൾ തങ്ങളുടെ ട്രാവൽ ഹിസ്റ്ററി ഡോക്ടർമാരെ കൃത്യമായി ധരിപ്പിക്കണമെന്നും മെഡിക്കൽ പരിശോധന പൂർത്തിയാകുന്നത് വരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. എബോള വായുവിലൂടെ പകരുന്ന രോഗമല്ലെന്നും, രോഗബാധിതരുടെ ശാരീരിക ദ്രവങ്ങളുമായോ അവർ ഉപയോഗിച്ച വസ്തുക്കളുമായോ ഉള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പകരുന്നതെന്നും അതോറിറ്റി ഓർമിപ്പിച്ചു. രോഗം മുൻകൂട്ടി കണ്ടെത്തുന്നതും വേഗത്തിൽ റിപ്പോർട്ട് ചെയ്യുന്നതുമാണ് രോഗവ്യാപനം തടയാൻ ഏറ്റവും പ്രധാനം.

TAGS :

Next Story