Quantcast

ദോഫാർ ഖരീഫിൽ സന്ദർശകത്തിരക്ക്; കാവലൊരുക്കാൻ ചരിത്രത്തിലാദ്യമായി പ്രത്യേക സപ്പോർട്ട് ഫോഴ്സുമായി ഒമാൻ

റോഡുകളിൽ അത്യാധുനിക എമർജൻസി പോയിന്റുകൾ സജ്ജം

MediaOne Logo

Web Desk

  • Published:

    1 July 2026 3:21 PM IST

Oman launches first Civil Defence support force for Dhofar Khareef season 2026
X

സലാല: ദോഫാർ ഖരീഫ് സീസണിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങൾ നേരിടാനുമായി ചരിത്രത്തിലാദ്യമായി പ്രത്യേക സപ്പോർട്ട് ഫോഴ്‌സിനെ നിയോഗിച്ച് ഒമാൻ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി (CDAA). മസ്‌കത്തിലെ സിവിൽ ഡിഫൻസ് ആസ്ഥാനത്ത് നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും അത്യാധുനിക ഉപകരണങ്ങളും രക്ഷാപ്രവർത്തന വാഹനങ്ങളും അടങ്ങുന്ന ആദ്യ സംഘം ദോഫാറിലേക്ക് തിരിച്ചു. തീപിടിത്തം തടയൽ, ലാന്റ് റെസ്ക്യൂ, വാട്ടർ റെസ്ക്യൂ, ആംബുലൻസ് സർവീസ് എന്നിവയിൽ വിദഗ്ധരായ ഉദ്യോഗസ്ഥരാണ് പ്രത്യേക ഫോഴ്‌സിലുള്ളത്.

അഡ്മിനിസ്ട്രേറ്റീവ് ആന്റ് ഫിനാൻഷ്യൽ അഫയേഴ്‌സ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ, ജനറൽ ഓഫ് പൊലീസ് ആന്റ് കസ്റ്റംസ് മേജർ ജനറൽ ഖലീഫ ബിൻ അലി അൽ സിയാബി യാത്രാതിരിക്കുന്ന സംഘത്തെ നേരിൽ കണ്ട് സന്നദ്ധത വിലയിരുത്തുകയും പ്രൊഫഷണൽ രീതിയിൽ ചുമതലകൾ നിർവഹിക്കാൻ നിർദേശം നൽകുകയും ചെയ്തു. ദോഫാറിലേക്കുള്ള പ്രധാന പാതകളിൽ അപകടങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അത്യാധുനിക എമർജൻസി പോയിന്റുകൾ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഇത്തവണ കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് അൽ ശർഖിയ ​ഗവർണറേറ്റിലെ അൽ അഷ്ഖറ, അൽ വുസ്തയിലെ അൽ ജാസിർ, ദോഫാറിലെ ഷഹാബ് അസൈബ്, ഹാരിത് മേഖലകളിലും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ദോഫാറിലേക്ക് തിരിക്കുന്ന സഞ്ചാരികൾക്ക് അതോറിറ്റി കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം, ഫസ്റ്റ് എയ്‍ഡ് കിറ്റും ഫയർ എക്സ്റ്റിംഗുഷറും വാഹനത്തിൽ കരുതണം കൂടാതെ വേഗപരിധി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഖരീഫ് സീസണിലെ ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം അംഗീകൃതമല്ലാത്ത വെള്ളച്ചാട്ടങ്ങൾ, നീരുറവകൾ, കുളങ്ങൾ, കടൽത്തീരങ്ങൾ എന്നിവടങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. വഴുക്കലുള്ള മലയോരങ്ങളിലും ജലാശയങ്ങൾക്ക് സമീപവും കുട്ടികളെ തനിച്ചുവിടരുത്. ടൂറിസം സ്ഥാപനങ്ങളും ഹോട്ടലുകളും തങ്ങളുടെ ഫയർ പ്രൊട്ടക്ഷൻ സംവിധാനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും CDAA വ്യക്തമാക്കി. സീസണിലുടനീളം ബോധവൽക്കരണ കാമ്പയിനുകളുമായി ഫീൽഡ് ടീമുകൾ രംഗത്തുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story