ഒമാനിൽ ഡ്രോൺ പറത്തലിന് ഗ്രീൻ സിഗ്നൽ; പാരാഗ്ലൈഡിങ്ങും പാരാമോട്ടറും പുനരാരംഭിക്കുന്നു
സിർബ് ഔദ്യോഗിക പ്ലാറ്റ്ഫോമിലൂടെ പെർമിറ്റ് എടുക്കാം

മസ്കത്ത്: ഒമാനിൽ ഡ്രോണുകളുടെ പ്രവർത്തന പെർമിറ്റുകൾ വിതരണം ചെയ്യുന്നത് പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി (CAA). ഗവൺമെന്റ്, വാണിജ്യ ആവശ്യങ്ങൾക്ക് പുറമെ വിനോദ ആവശ്യങ്ങൾക്കായും നിശ്ചയിച്ചിട്ടുള്ള ഗ്രീൻ സോണുകളിൽ ഡ്രോണുകൾ പറത്തുന്നതിനാണ് അനുമതി നൽകുക. ഔദ്യോഗിക 'സിർബ്' പ്ലാറ്റ്‌ഫോം വഴിയാണ് ഇതിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നത്.
ഡ്രോൺ പെർമിറ്റുകൾക്ക് പുറമെ രാജ്യത്തുടനീളം പാരാഗ്ലൈഡിങ്, പാരാമോട്ടർ പ്രവർത്തനങ്ങൾ, മറ്റ് വ്യോമ കായിക വിനോദങ്ങൾ, ഏവിയേഷനുമായി ബന്ധപ്പെട്ട കായിക ഇനങ്ങളും പരിപാടികളും പുനരാരംഭിക്കാമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. അതോറിറ്റിയുടെ ഈ പുതിയ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരുമെന്നും ഇന്ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
നിലവിലെ സാഹചര്യങ്ങൾ അതോറിറ്റി നിരന്തരമായി വിലയിരുത്തുമെന്നും പുതിയ ചലനങ്ങൾക്ക് അനുസൃതമായി തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഒമാനിലെ വ്യോമ സുരക്ഷയും സുരക്ഷിതത്വവും ഏറ്റവും ഉയർന്ന നിലവാരത്തിൽ ഉറപ്പാക്കുന്നതിനായി ഡ്രോൺ ഓപ്പറേറ്റർമാരും കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നവരും സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
Adjust Story Font
16

