Quantcast

ദോഹ ഉച്ചകോടി: ഖത്തറിന്റെ സുരക്ഷ ഗൾഫ് മേഖലയുടെ സുരക്ഷക്ക് അനിവാര്യമെന്ന് ഒമാൻ

ആക്രമണത്തെ അപലപിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, നിയമപരവും നയതന്ത്രപരവുമായ തലങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും ഒമാൻ

MediaOne Logo

Web Desk

  • Published:

    16 Sept 2025 1:12 PM IST

ദോഹ ഉച്ചകോടി: ഖത്തറിന്റെ സുരക്ഷ ഗൾഫ് മേഖലയുടെ സുരക്ഷക്ക് അനിവാര്യമെന്ന് ഒമാൻ
X

ഖത്തറിന്റെ സുരക്ഷ ഗൾഫ് മേഖലയുടെയും അറബ്, ഇസ്ലാമിക് രാഷ്ട്രങ്ങളുടെയും സുരക്ഷയാണെന്ന് ഒമാൻ. ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ സംസാരിക്കവെ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് ആണ് നിലപാട് വ്യക്തമാക്കിയത്. ഖത്തറിന് നേരെയുണ്ടായ 'വഞ്ചനാപരമായ ആക്രമണത്തെ' ശക്തമായി അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഫലസ്തീനിൽ മധ്യസ്ഥതയ്ക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഖത്തറിനെ ലക്ഷ്യമിട്ടുള്ള ആക്രമണം, നീതിയും സമാധാനവും സ്ഥാപിക്കാനുള്ള കൂട്ടായ ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 'ഈ ഹീനമായ ആക്രമണത്തെ ഒമാൻ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ഖത്തറിനോടും അതിന്റെ നേതൃത്വത്തോടും സർക്കാരിനോടും ജനങ്ങളോടും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഖത്തറിൻറെ സുരക്ഷ എന്നത് മുഴുവൻ ഗൾഫ് മേഖലയുടെയും അറബ്-ഇസ്ലാമിക രാഷ്ട്രത്തിൻറെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്,' സയ്യിദ് ശിഹാബ് പറഞ്ഞു.

കേവലം അപലപിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾ നിയമപരവും നയതന്ത്രപരവുമായ തലങ്ങളിൽ പ്രായോഗികവും വ്യക്തവുമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിൻറെ കുറ്റകൃത്യങ്ങൾക്കും ലംഘനങ്ങൾക്കും അന്താരാഷ്ട്ര നിയമത്തിൻറെ അടിസ്ഥാനത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും, അതിനായി ഐക്യരാഷ്ട്രസഭയിലും സുരക്ഷാ കൗൺസിലിലും ജനറൽ അസംബ്ലിയിലും കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര സമൂഹം പുലർത്തുന്ന മൗനം കൂടുതൽ ആക്രമണങ്ങൾക്ക് ഇസ്രായേലിന് ധൈര്യം നൽകുമെന്ന് സയ്യിദ് ശിഹാബ് മുന്നറിയിപ്പ് നൽകി. ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാനും ആക്രമണങ്ങൾ തടയാനും അന്താരാഷ്ട്ര നിയമങ്ങളെ ഉയർത്തിപ്പിടിക്കാനും ഉതകുന്ന ഗൗരവമേറിയതും ഏകീകൃതവുമായ പ്രവർത്തനങ്ങളുടെ തുടക്കമായി ഈ ഉച്ചകോടി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഖത്തറിൻറെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

TAGS :

Next Story