ഒമാനിൽ ജൂൺ മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ; ആഗസ്റ്റ് വരെ പുറം തൊഴിൽ വിലക്ക്
ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് നിരോധനം

മസ്കത്ത്: ഒമാനിൽ വേനൽക്കാലത്തെ ഉച്ചവിശ്രമ നിയമം കർശനമായി നടപ്പിലാക്കാൻ തൊഴിൽ മന്ത്രാലയം. ജൂൺ മുതൽ ഉച്ചസമയങ്ങളിലെ പുറം തൊഴിൽ വിലക്ക് പ്രാബല്യത്തിൽ വരും. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് 500 മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇത് വലിയ ആശ്വാസമാകും.
തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് നിമയം കർശനമായി നടപ്പാക്കുന്നത്. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയ്ക്ക് പുറമെ ഭരണപരമായ കടുത്ത നടപടികളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തുക.
ഈ സമയങ്ങളിൽ തൊഴിലാളികൾക്ക് നിർബന്ധിത വിശ്രമം നൽകണമെന്ന് മന്ത്രാലയം നിർദേശിച്ചു. നിയമലംഘനങ്ങൾ കണ്ടെത്താനായി പ്രത്യേക ഇൻസ്പെക്ഷൻ ടീമുകൾ രാജ്യവ്യാപകമായി പരിശോധന നടത്തും. തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ എല്ലാ കമ്പനികളും കൃത്യമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
Adjust Story Font
16

