ഹജ്ജ് തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനം: ഒമാന് പുരസ്‌കാരം
സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് അവാർഡ് സമ്മാനിച്ചത്

മസ്‌കത്ത്: ഹജ്ജ് തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനമൊരുക്കിയതിന് ഒമാന് പുരസ്‌കാരം. ഒമാൻ ഹജ്ജ് മിഷൻ ഒമാനി തീർഥാടകർക്ക് നൽകിയ ആരോഗ്യ ആസൂത്രണത്തിനും ഉയർന്ന നിലവാരമുള്ള വൈദ്യസഹായത്തിനുമാണ് അംഗീകാരം നൽകിയത്. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മക്കയിലെ മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ 'അല്ലാഹുവിന്റെ അതിഥികൾ' എന്ന പരിപാടിയിലാണ് അവാർഡ് സമ്മാനിച്ചത്. തീർഥാടകർക്ക് സേവനം നൽകുന്നതിൽ മികച്ച സംഭാവനകൾ നൽകിയ വിശിഷ്ട ഹജ്ജ് കാര്യ ഓഫീസുകളെയും ലാഭേച്ഛയില്ലാത്ത സംഘടനകളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, മറ്റ് വിദഗ്ധർ എന്നിവരടങ്ങുന്ന ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ സമർപ്പിത മെഡിക്കൽ സംഘം ഹജ്ജ് സേവനത്തിനായുണ്ടായിരുന്നു. സൗദി മെഡിക്കൽ അധികാരികളുമായുള്ള ഏകോപനത്തോടെ 24 മണിക്കൂറും ആരോഗ്യ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന മെഡിക്കൽ ക്ലിനികും ഈ പ്രതിനിധി സംഘം ഓൺ-സൈറ്റിൽ സജ്ജമാക്കിയിരുന്നു.
ഈ വർഷം 14്,000 പേരാണ് ഒമാനിൽനിന്ന് ഹജ്ജിന് പുറപ്പെട്ടത്. 13,530 ഒമാനികൾക്കും 470 വിദേശികൾക്കുമായിരുന്നു അവസരം. വിദേശികളിൽ 235 പേർ അറബ് രാജ്യങ്ങളിലുള്ളവരും ബാക്കി 235 പേർ മറ്റു രാജ്യക്കാരുമായിരുന്നു.
Adjust Story Font
16

