ഒമാനിൽ ആദ്യമായി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി; 19 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരം
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

മസ്‌കത്ത്: സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള ഒമാനിലെ ആദ്യത്തെ ശസ്ത്രക്രിയ വിജയകരം. പെൽവിക് മേഖല പങ്കിടുന്ന ഇരട്ടകളെ 19 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വേർപ്പെടുത്തിയത്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുടൽ, മൂത്രവ്യവസ്ഥ, രക്തക്കുഴലുകൾ എന്നിവയുമായി ബന്ധമുള്ള പെൽവിക് മേഖല പങ്കിടുന്ന ഇരട്ടകളുടെ ശസ്‌ക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. ഒമാൻ ആരോഗ്യ മന്ത്രി ഡോ ഹിലാൽ ബിൻ അലി അൽ സബ്തിയുടെ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. റോയൽ ഹോസ്പിറ്റൽ, ഖൗല ഹോസ്പ്പിറ്റൽ, മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ, നിസ്‌വ ഹോസ്പ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള സർജൻമാരുടെയും മെഡിക്കൽ ഗ്രൂപ്പുകളുടെയും സംഘം ശസ്ത്രക്രിയ ടീമിൽ ഉൾപ്പെട്ടിരുന്നു.
സമഗ്രമായ വിലയിരുത്തലിലും തയ്യാറെടുപ്പിലും തുടങ്ങി നിരവധി ഘട്ടങ്ങളിലൂടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സംയോജിത ഇരട്ടകൾ വളരെ അപൂർവമായ കേസുകളാണെന്ന് റോയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് പീഡിയട്രിക് സർജനും മെഡിക്കൽ ടീമിന്റെ തലവനുമായ ഡോ മുഹമ്മദ് ജാഫർ അൽ സജ്‌വാനി പറഞ്ഞു. നിർഭാഗ്യവശാൽ വൈകല്യങ്ങൾ കാരണം ജനനത്തിനു മുൻപോ ജനനത്തിനിടയിലോ ജനനത്തിന് ശേഷമോ പല കുട്ടികളും അതിജീവിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പെൽവിസിൽ ഒട്ടിച്ചേർന്ന ഇരട്ടകളുടെ കാര്യത്തിൽ മൂത്രനാളത്തിലും മൂത്രനാളിയിലും ഒട്ടിപ്പിടിക്കൽ ഉണ്ടായിരുന്നുവെന്നും ഇതായിരുന്നു പ്രധാന വെല്ലുവിളിയെന്നും ഡോ നവാൽ ബിൻത് അബ്ദുല്ല അൽ ഷാർജി പറഞ്ഞു. നേരത്തെ ഇത് കണ്ടെത്താനും അതിനായി ആസൂത്രണം ചെയ്യാനും കഴിഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Adjust Story Font
16

