കാണേണ്ടേ ഈ കാഴ്ചകൾ...; ചൊവ്വാഴ്ച രാത്രി ഒമാന്റെ ആകാശത്ത് പെർസീഡ് ഉൽക്കാവർഷം
ഉച്ചസ്ഥായിയിലെത്തുക ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെ

മസ്‌കത്ത്: ചൊവ്വാഴ്ച രാത്രി ഒമാന്റെ ആകാശത്ത് പെർസീഡ് ഉൽക്കാവർഷം പ്രത്യക്ഷപ്പെട്ടേക്കും. വിവിധ ഗവർണറേറ്റുകളിൽ, പ്രത്യേകിച്ച് ഇരുണ്ട സ്ഥലങ്ങളിൽ നിന്നാൽ നഗ്‌നനേത്രങ്ങൾ കൊണ്ട് ഇത് കാണാൻ കഴിയും. ആഗസ്റ്റ് 24 വരെ ഉൽക്കവർഷം തുടരും. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെയാണ് അത് ഉച്ചസ്ഥായിയിലെത്തുക. ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്ര നിരീക്ഷകരും ഫോട്ടോഗ്രാഫി പ്രേമികളും കാത്തിരിക്കുന്ന ഏറ്റവും ആകർഷകമായ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നാണിത്.
പെർസീഡ് ഉൽക്കാവർഷം എല്ലാ വർഷവും ജൂലൈ 17 ന് ആരംഭിച്ച് ആഗസ്റ്റ് 24 വരെ തുടരുമെന്നും ആഗസ്റ്റ് 12 രാത്രി മുതൽ ആഗസ്റ്റ് 13 രാവിലെ വരെ അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നും ഒമാനി സൊസൈറ്റി ഫോർ ആസ്‌ട്രോണമി ആൻഡ് സ്‌പേസ് അംഗമായ അംജദ് ബിൻ ജാദ് അൽ റവാഹി പറഞ്ഞു.
അനുകൂല സാഹചര്യങ്ങളിൽ, മണിക്കൂറിൽ 80 മുതൽ 100 വരെ ഉൽക്കകൾ കാണാൻ കഴിയുമെന്നും എന്നാൽ നഗരങ്ങളിലെ സാധാരണ സാഹചര്യങ്ങളിൽ അല്ലെങ്കിൽ ചന്ദ്രന്റെ സാന്നിധ്യത്തിൽ, ദൃശ്യമാകുന്നവയുടെ എണ്ണം വളരെ കുറവായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

