മേഖലയിൽ സമാധാനം പുനസ്ഥാപിക്കണം; ഒമാനെതിരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
നിലപാട് വ്യക്തമാക്കിയത് ഒമാൻ സുൽത്താനുമായി നടത്തിയ ഫോൺ സംഭാഷത്തിൽ

മസ്കത്ത്: ഒമാന് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഒമാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെയും പ്രാദേശിക അഖണ്ഡത ലംഘിക്കുന്നതിനെയും ഇന്ത്യ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി, സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി. മേഖലയിലെ സ്ഥിരത ഉറപ്പാക്കാൻ സൈനിക നീക്കങ്ങൾ ഒഴിവാക്കി ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് നൽകുന്ന സുരക്ഷയ്ക്കും പിന്തുണയ്ക്കും സുൽത്താൻ ഹൈതം ബിൻ താരിഖിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഒമാന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ക്ഷേമത്തിന് രാജ്യം നൽകുന്ന മുൻഗണനയെയും അദ്ദേഹം അഭിനന്ദിച്ചു.
Adjust Story Font
16

