'സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികളുമായി കരാറുണ്ടാക്കരുത്'; ഒമാനിലെ ഗവൺമെന്റ് സ്ഥാപനങ്ങളോട് ടെൻഡർ ബോർഡ്
അന്താരാഷ്ട്ര ടെൻഡറുകളിൽ പങ്കെടുക്കുന്ന വിദേശ സ്ഥാപനങ്ങളും ഒമാനൈസേഷൻ പ്രതിബദ്ധതകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും

മസ്‌കത്ത്: ഒമാനൈസേഷൻ നിരക്ക് പാലിക്കാത്ത സ്വകാര്യമേഖല കമ്പനികളുമായി കരാറുകളിൽ ഏർപ്പെടുന്നതിൽ നിന്ന് മന്ത്രാലയങ്ങൾക്കും ഗവൺമെന്റ് സ്ഥാപനങ്ങൾക്കും വിലക്ക്. ഒമാൻ ഗവൺമെന്റ് അംഗീകരിച്ച സ്വദേശിവത്കരണ നിരക്കുകൾ പാലിക്കാത്ത കമ്പനികളുമായി കരാറുണ്ടാക്കരുതെന്നാണ് ടെൻഡർ ബോർഡിന്റെ നിർദേശം. സ്വദേശിവത്കരണ നടപടിക്രമങ്ങൾ പാലിക്കാത്ത സ്വകാര്യമേഖല കമ്പനികളുമായി കരാറുകളിൽ ഏർപ്പെടുന്നതിൽനിന്ന് എല്ലാ മന്ത്രാലയങ്ങളും ഗവൺമെന്റ് സ്ഥാപനങ്ങളും പൂർണമായും വിട്ടുനിൽക്കണമെന്ന് ജനറൽ സെക്രട്ടേറിയറ്റ് ഓഫ് ടെൻഡർ ബോർഡ് സർക്കുലറിലൂടെയാണ് നിദേശിച്ചത്.
എല്ലാ ടെൻഡർ രേഖകളിലും ഒമാനൈസേഷൻ ആവശ്യകതകൾ പാലിക്കുന്നതും ഒമാനികൾക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട ഒരു ക്ലോസ് ഉൾപ്പെടുത്തണം. ഏതെങ്കിലും ടെൻഡർ നൽകുന്നതിനുമുമ്പ്, ബിഡിങ് കമ്പനികൾ ആവശ്യമായ ഒമാനൈസേഷൻ നിരക്കുകൾ പാലിക്കുന്നുണ്ടെന്ന് ഗവൺമെന്റ് സ്ഥാപനങ്ങൾ പരിശോധിക്കണം. തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഡാറ്റയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ഇസ്‌നാദ് ഇലക്ട്രോണിക് ടെൻഡറിംഗ് സിസ്റ്റം വഴിയാണ് ഈ പരിശോധന നടത്തേണ്ടത്.
ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത എന്നാൽ അന്താരാഷ്ട്ര ടെൻഡറുകളിൽ പങ്കെടുക്കുന്ന വിദേശ സ്ഥാപനങ്ങളും ഒമാനൈസേഷൻ പ്രതിബദ്ധതകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. വിവിധ സ്ഥാപനങ്ങളിലെ ഒമാനൈസേഷൻ നിരക്കുകളിലെ ഗണ്യമായ അസമത്വം മന്ത്രാലയം നേരത്തെ ചൂണ്ടികാണിച്ചിരുന്നു. ഏകദേശം 1,000 വലിയ കമ്പനികൾ 2,45,000 പ്രവാസികൾക്കൊപ്പം ഭൂരിഭാഗം ഒമാനി പൗരന്മാരെയും ജോലിക്കെടുക്കുന്നുണ്ട്. 19,000 സ്ഥാപനങ്ങളിൽ 3,00,000 പ്രവാസികൾക്കൊപ്പം 60,000 ഒമാനികൾക്ക് മാത്രമേ ജോലി നൽകുന്നുള്ളൂ. 1.1 ദശലക്ഷത്തിലധികം പ്രവാസികൾ ജോലി ചെയ്യുന്ന 245,000-ത്തിലധികം സ്ഥാപനങ്ങളിൽ ഒമാനൈസേഷൻ നിരക്ക് പൂജ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Adjust Story Font
16

