വാങ്ങി നാല് ദിവസത്തിനകം പുതിയ കാറിന് തകരാർ; ഉപഭോക്താവിന് 14,900 റിയാൽ വാങ്ങിനൽകി
ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലാണ് സിപിഎ നടപടി

മസ്‌കത്ത്: പുതിയ കാറിന് നാല് ദിവസത്തിനകം തകരാർ കണ്ടെത്തിയ സംഭവത്തിൽ ഡീലർഷിപ്പിൽ നിന്ന് ഉപഭോക്താവിന് 14,900 റിയാൽ വാങ്ങിനൽകി ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ). സൗഹാർദ്ദപരമായ ഒത്തുതീർപ്പിലൂടെയാണ് പണം വാങ്ങിനൽകിയത്.
ഗവർണറേറ്റിലെ ഒരു കാർ ഡീലർഷിപ്പിൽ നിന്ന് പുതിയ വാഹനം വാങ്ങിയ ഉപഭോക്താവ് തകരാറിനെ കുറിച്ച് അതോറിറ്റിക്ക് പരാതി നൽകുകയായിരുന്നു. വാഹനം ഡെലിവറി ചെയ്ത് നാല് ദിവസത്തിന് ശേഷം തന്നെ തകരാറിനെ കുറിച്ചുള്ള മുന്നറിയിപ്പ് സന്ദേശം പ്രത്യക്ഷപ്പെടുകയായിരുന്നു. തുടർന്ന് വാഹനം ഡീലർഷിപ്പിലേക്ക് തിരികെ നൽകാൻ ഉപഭോക്താവ് തീരുമാനിച്ചു. എന്നാൽ അടച്ച തുക തിരികെ നൽകാനോ വാഹനം മാറ്റിനൽകാനോ ഡീലർഷിപ്പ് സമ്മതിച്ചില്ല. ഇതോടെ ഉപഭോക്താവ് സിപിഎ വകുപ്പിൽ പരാതി നൽകി. തുടർന്ന് അധികൃതർ ഇരു കക്ഷികളുമായും ആശയവിനിമയം നടത്തിയ ശേഷം, സൗഹാർദപരമായ ഒത്തുതീർപ്പിലെത്തുകയായിരുന്നു.
വിൽപ്പന കരാർ റദ്ദാക്കാനും ഡീലർഷിപ്പ് 14,900 റിയാൽ നൽകാനും വ്യവസ്ഥ ചെയ്തു. വാഹനത്തിന്റെ വിലയായ 14,700 റിയാലും വിദഗ്ധ ഫീസായ 200 റിയാലും ഉൾപ്പെടെയാണ് തുക നൽകിയത്.
Adjust Story Font
16

