ഒമാനിലെ സമാഇലിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; ഗതാഗത മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു
അപകടത്തിൽ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്

മസ്കത്ത്: ഒമാനിലെ സമാഇലിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കാരണം അന്വേഷിക്കാൻ ഉത്തരവിട്ട് ഒമാൻ ഗതാഗത മന്ത്രാലയം. കഴിഞ്ഞ ദിവസം രാത്രിയാണ് മഹൽ പ്രദേശത്ത് സുൽത്താൻ തുവൈനി ബിൻ സഈദ് റോഡിൽ ട്രക്ക് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മന്ത്രാലയത്തിന് കീഴിലുള്ള ട്രാൻസ്‌പോർട്ട് സേഫ്റ്റി ഓഫീസ് ആണ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചത്. ഭാരമേറിയ സ്റ്റീൽ കോയിലുകളുമായി വരികയായിരുന്ന ട്രക്കാണ് അപകടത്തിൽ പെട്ടത്.
സ്റ്റീൽ കോയിലുകൾ റോഡിന്റെ നടുവിലെ ബാരിയറുകൾ തകർത്ത് മറ്റ് വാഹനങ്ങളിലേക്ക് പതിക്കുകയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് സെക്യൂരിറ്റി റിലേഷൻസ് ഡയറക്ടർ മേജർ മുഹമ്മദ് ബിൻ സലാം അൽ ഹാഷ്മി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ മന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അതേസമയം അപകടത്തെ തുടർന്ന് റോഡ് ശുചീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ നിലവിൽ ഒരു വരി മാത്രമാണ് അൽ മഹൽ പ്രദേശത്ത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. മസ്‌കത്തിലേക്ക് പോകുന്ന വാഹനങ്ങൾ ആഫിയ പാലത്തിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പഴയ റോഡ് ബദൽ മാർഗമായി ഉപയോഗിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Adjust Story Font
16

