Quantcast

ഖരീഫ് സീസണിനൊരുങ്ങി സലാല; യാത്രാത്തിരക്ക് പരിഹരിക്കാൻ കൂടുതൽ വിമാന സർവീസുകൾ

ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ 4 വിമാനങ്ങളും സർവീസ് നടത്തും

MediaOne Logo

Web Desk

  • Published:

    15 Jun 2026 11:08 PM IST

ഖരീഫ് സീസണിനൊരുങ്ങി സലാല; യാത്രാത്തിരക്ക് പരിഹരിക്കാൻ കൂടുതൽ വിമാന സർവീസുകൾ
X

ഖരീഫ് സീസണിന് മുന്നോടിയായി വിനോദസഞ്ചാരികളെ വരവേൽക്കാൻ ഒമാനിലെ സലാല സജ്ജമായി. സീസൺ കാലയളവിലെ കടുത്ത യാത്രാത്തിരക്ക് കണക്കിലെടുത്ത് മസ്‌കത്ത്-സലാല റൂട്ടിൽ വിമാന സർവീസുകളുടെ എണ്ണവും സീറ്റ് ശേഷിയും ഗണ്യമായി വർധിപ്പിച്ചു. യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി സിവിൽ ഏവിയേഷൻ അതോരിറ്റി വിവിധ വകുപ്പുകളുമായി സഹകരിച്ച് വിപുലമായ പ്രവർത്തന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ജൂലൈ ആദ്യം മുതൽ സെപ്തംബർ 5 വരെയുള്ള ഖരീഫ് ഷെഡ്യൂൾ പ്രകാരം ഒമാൻ എയറും, ആഗസ്റ്റ് 31 വരെ സലാം എയറും സർവീസുകൾ നടത്തും. തിരക്കേറിയ ദിവസങ്ങളിൽ പ്രതിദിനം ഒമാൻ എയറിന്റെ 13 വിമാനങ്ങളും സലാം എയറിന്റെ 10 വിമാനങ്ങളും വരെ ഈ റൂട്ടിൽ സർവീസ് നടത്തുമെന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

യാത്രക്കാർക്ക് ആകർഷകമായ നിരക്കുകളാണ് ഇരു വിമാനക്കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്. 2024-ലെ അതേ നിരക്കുകൾ തുടരുന്ന ഒമാൻ എയറിൽ യോഗ്യരായ യാത്രക്കാർക്ക് വൺ-വേ ടിക്കറ്റിന് 32 ഒമാനി റിയാലും ടൂ-വേ ടിക്കറ്റിന് 54 റിയാലുമായിരിക്കും നിരക്ക്. സലാം എയറിൽ വൺ-വേ ടിക്കറ്റുകൾ 9.99 റിയാലിൽ ആരംഭിക്കുമ്പോൾ, ലഗേജ് സഹിതമുള്ള ടൂ-വേ ടിക്കറ്റുകൾക്ക് 56.99 റിയാൽ വരെയാണ് നിരക്ക് വരുന്നത്. അന്താരാഷ്ട്ര സഞ്ചാരികളെ ലക്ഷ്യമിട്ട് ജൂലൈ 3 മുതൽ ദുബൈ-സലാല റൂട്ടിൽ ഒമാൻ എയർ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. കൂടാതെ ഖരീഫ് സീസണിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ 4 വിമാനങ്ങളും, യുഎഇയിൽ നിന്ന് ഇത്തിഹാദ് എയർവേയ്‌സിന്റെ 39 വിമാനങ്ങളും സലാലയിലേക്ക് സർവീസ് നടത്തും. സൗദി അറേബ്യയിൽ നിന്ന് ഫ്ലൈനാസിന്റെ 11 വിമാനങ്ങളും ഖത്തറിൽ നിന്ന് ഖത്തർ എയർവേയ്‌സിന്റെ 14 വിമാനങ്ങളും സർവീസ് നടത്തുന്നതോടെ സലാലയിലേക്കുള്ള രാജ്യാന്തര കണക്ടിവിറ്റി കൂടുതൽ ശക്തമാകും.

TAGS :

Next Story