സുരക്ഷാ മുൻകരുതൽ: കുവൈത്ത്, ബെയ്‌റൂത്ത് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് സലാം എയർ
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് അധികൃതർ വിശദീകരിച്ചു

മസ്‌കത്ത്: മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മുൻനിർത്തി കുവൈത്തിലേക്കും ബെയ്‌റൂത്തിലേക്കുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി സലാം എയർ അറിയിച്ചു. കുവൈത്തിലേക്കുള്ള എല്ലാ സർവീസുകളും ജൂലൈ 16 വരെ ഉണ്ടായിരിക്കില്ല. അതേസമയം, ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിലേക്കുള്ള സർവീസുകൾ ജൂലൈ 17 വരെയാണ് നിർത്തിവെച്ചിരിക്കുന്നത്.
മേഖലയിൽ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും വ്യോമയാന വകുപ്പുകളുടെ സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടിയെന്ന് സലാം എയർ അധികൃതർ വിശദീകരിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നത്. നിലവിലെ സ്ഥിതിഗതികൾ എയർലൈൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, വരും ദിവസങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളും പുതിയ വിവരങ്ങളും യാത്രക്കാരെ യഥാസമയം അറിയിക്കുമെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Adjust Story Font
16

