16 കി.മീ വാട്ടർ ഫ്രണ്ടും 14 ഹോട്ടലുകളും; ടൂറിസത്തിൽ വേറെ ലെവലാകാൻ ദുകമിലെ പ്രത്യേക സാമ്പത്തിക മേഖല
853 ദശലക്ഷം റിയാൽ നിക്ഷേപം

മസ്‌കത്ത്: ടൂറിസത്തിൽ വേറെ ലെവലാകാൻ ഒമാനിലെ ദുകമിലുള്ള പ്രത്യേക സാമ്പത്തിക മേഖല(SEZAD). തീരദേശ ടൂറിസം മേഖലയെ ലോകോത്തര ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള മാസ്റ്റർ പ്ലാനുമായി മുന്നോട്ട് പോകുകയാണ് അധികൃതർ. ബീച്ചുകൾ, പാറക്കെട്ടുകൾ, മനോഹരമായ തീരദേശ പ്രകൃതി എന്നിവ മുതലെടുത്ത് സംയോജിത ടൂറിസം, നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ദുകം തുറമുഖത്തിനും വിമാനത്താവളത്തിനും സമീപമാണ് ടൂറിസം പദ്ധതികൾ വരുന്നത്.
16 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരത്തിന്റെ വികസനമാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസ്റ്റ് ഹോമുകൾ, പൊതു ഇടങ്ങൾ, നടപ്പാതകൾ, ഇക്കോ-ടൂറിസം സൗകര്യങ്ങൾ എന്നിവയൊക്കെ പദ്ധതിയിലുണ്ട്. ലോകോത്തര നിലവാരമുള്ള മറീന, വിനോദ-സാംസ്‌കാരിക സംവിധാനങ്ങൾ, സ്‌പോർട്‌സ്-വെൽനസ് ടൂറിസം സോണുകൾ, കുതിരസവാരി ക്ലബ്ബ്, ഗോൾഫ് കോഴ്‌സ് എന്നിവയും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നു.
പദ്ധതി അനുസരിച്ച്, 2030 ആകുമ്പോഴേക്കും ദുകമിൽ ഏഴ് ഹോട്ടലുകളിലും റിസോർട്ടുകളിലുമായി 687 മുറികളുണ്ടാകും. 870 റെസിഡൻഷ്യൽ യൂണിറ്റുകളുമുണ്ടാകും. പ്രതിവർഷം രണ്ട് ലക്ഷത്തിലധികം വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. 2040 ആകുമ്പോഴേക്കും ശേഷി 1,990 ഹോട്ടൽ മുറികളുള്ള 14 ഹോട്ടലുകളായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. 3,770 റെസിഡൻഷ്യൽ യൂണിറ്റുകളും 697 ഹോളിഡേ ഹോമുകളുമുണ്ടാകും. ഇത് പ്രതിവർഷം ഏകദേശം 7,40,000 സന്ദർശകർ സൗകര്യമൊരുക്കും.
ടൂറിസം പദ്ധതികൾ ഏകദേശം രണ്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വരികയെന്ന് സെസാദിലെ സാങ്കേതിക കാര്യ വകുപ്പ് ഡയറക്ടറും തീരദേശ ടൂറിസം മേഖല വികസന പദ്ധതി പ്രോജക്ട് ഡയറക്ടറുമായ എഞ്ചിനീയർ അബ്ദുല്ല ബിൻ സാലിം അൽഹക്മാനി പറഞ്ഞു. 2025 അവസാനത്തോടെ ദുകം ടൂറിസം മേഖലയിലെ നിക്ഷേപം ഏകദേശം 853 ദശലക്ഷം റിയാലിലെത്തുമെന്നും പറഞ്ഞു.
Adjust Story Font
16

