വികസനക്കുതിപ്പിൽ ഒമാന്റെ സുൽത്താൻ ഹൈതം സിറ്റി; നിക്ഷേപത്തിൽ റെക്കോർഡ്
സ്വപ്‌ന നഗരിയിലേക്ക് എത്തിയത് 300 കോടി റിയാലിലധികം

മസ്‌കത്ത്: ഒമാന്റെ ഭാവി വികസനത്തിന്റെ അടയാളമായ സുൽത്താൻ ഹൈതം സിറ്റിയിലേക്ക് ആഗോള നിക്ഷേപകരുടെ വൻ ഒഴുക്ക്. പദ്ധതിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇതുവരെ 300 കോടി ഒമാനി റിയാലിലധികം നിക്ഷേപം ആകർഷിക്കാൻ നഗരത്തിന് സാധിച്ചതായി ഭവന നഗര വികസന മന്ത്രാലയം അറിയിച്ചു. പ്രാദേശിക നിക്ഷേപകർക്ക് പുറമെ അന്താരാഷ്ട്ര തലത്തിലുള്ള വൻകിട കമ്പനികളും പദ്ധതിയിൽ പങ്കാളികളാകാൻ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.
മസ്‌കത്ത് ഗവർണറേറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ഈ നഗരം കേവലം ഒരു പാർപ്പിട സമുച്ചയമല്ല, മറിച്ച് പ്രകൃതിയുമായി ഇണങ്ങിനിൽക്കുന്ന ഒരു സുസ്ഥിര നഗരമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിശാലമായ ഹരിത ഇടങ്ങൾ, മികച്ച ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നൂതനമായ സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവ സുൽത്താൻ ഹൈതം സിറ്റിയുടെ പ്രത്യേകതയാണ്. വാഹനങ്ങളെക്കാൾ കാൽനടയാത്രക്കാർക്കും പരിസ്ഥിതി സൗഹൃദമായ ജീവിതശൈലിക്കും മുൻഗണന നൽകുന്ന ഈ പദ്ധതി, ഒമാനിലെ നഗര ജീവിതത്തിന്റെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുമെന്ന് ഉറപ്പാണ്.
Adjust Story Font
16

