ജനഹൃദയങ്ങൾ കീഴടക്കി സുൽത്താൻ; ഷർഖിയയിൽ ആവേശോജ്ജ്വല വരവേൽപ്പ്
റോഡിന് ഇരുവശത്തും തടിച്ചുകൂടിയ ജനം സുൽത്താനെ പാട്ടുപാടിയും പൂക്കൾ വിതറിയും സ്വീകരിച്ചു

മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നോർത്ത്, സൗത്ത് ഷർഖിയ ഗവർണറേറ്റുകളിൽ നടത്തിയ സന്ദർശനം ജനസാഗരത്തിന്റെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. മസ്‌കത്തിലെ അൽ ബറക്ക കൊട്ടാരത്തിൽ നിന്നും പുറപ്പെട്ട സുൽത്താന്റെ വാഹനവ്യൂഹത്തെ വരവേൽക്കാൻ ഇബ്ര, അൽ ഖാബിൽ, ബിദിയ, സൂർ, ഖുറിയത്ത് തുടങ്ങിയ വിലായത്തുകളിൽ വൻ ജനക്കൂട്ടമാണ് റോഡിന് ഇരുവശവും തടിച്ചുകൂടിയത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ ദേശീയ പതാകകൾ വീശിയും പൂക്കൾ വിതറിയും തങ്ങളുടെ പ്രിയ നേതാവിനെ ഊഷ്മളമായി സ്വീകരിച്ചു. പരമ്പരാഗത നൃത്തങ്ങളും ഗാനങ്ങളുമായി ഒമാനി സംസ്‌കാരത്തിന്റെ തനിമ വിളിച്ചോതുന്ന ചടങ്ങുകളാണ് സുൽത്താനെ വരവേൽക്കാൻ ഷർഖിയയിൽ ഒരുക്കിയിരുന്നത്.
ഗവർണറേറ്റുകളിലെ സാമൂഹിക-സാമ്പത്തിക വികസന പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനും പൗരന്മാരുമായി നേരിട്ട് സംവദിക്കുന്നതിനുമായാണ് സുൽത്താൻ ഈ പര്യടനം നടത്തിയത്. ഭരണകൂടം നടപ്പിലാക്കുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്രത്തോളം എത്തുന്നുവെന്ന് ഉറപ്പുവരുത്തുക എന്നതും സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമാണ്.
Adjust Story Font
16

