Quantcast

കത്തിയമർന്ന കപ്പലിൽനിന്ന് രക്ഷപ്പെട്ട ഇന്ത്യൻ സംഘം നാട്ടിലേക്ക് മടങ്ങി

കപ്പൽ നീക്കാൻ ഉടമകൾ വരാത്തതിനെ തുടർന്ന് യാത്ര നീളുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    19 March 2023 4:37 AM GMT

Indians escaped from burning ship
X

കഴിഞ്ഞ ഫെബ്രുവരി 14ന് മിർബാത്ത് തീരത്ത് കത്തിയമർന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട ഒമ്പത് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി. എയർ അറേബ്യ വിമാനത്തിലാണ് ഇവർ അഹമ്മദാബാദിലെത്തിയത്.

ദുബൈയിൽനിന്ന് സോമാലിയയിലേക്ക് പോകുകയായിരുന്ന ദുഅ അൽ ജദഫ് എന്ന കപ്പലാണ് സലാലക്ക് സമീപം പൂർണമായും കത്തിയമർന്നത്. കപ്പലിലുണ്ടായിരുന്ന എൺപത് കാറുകളും കത്തിയിരുന്നു.

കത്തിയ കപ്പൽ നീക്കാൻ ഉടമകൾ വരാതിരുന്നതിനെ തുടർന്ന് രക്ഷപ്പെട്ടവരുടെ യാത്ര നീണ്ട് പോവുകയായിരുന്നു. ഇവരെ സാഹസികമായി രക്ഷപ്പെടുത്തിയ സ്വദേശി പൗരൻ അബ്ദുൽ ഹക്കിം അൽ അംരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞ 33 ദിവസവും മിർബാത്തിൽ ഇവർ കഴിഞ്ഞത്. സലാലയിലെ ചില ഗുജറാത്തി കമ്പനികളും സഹായവുമായെത്തി.

കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനന്റെ നിരന്തര പരിശ്രമ ഫലമായി യാത്ര രേഖകൾ ശരിയായെങ്കിലും ടിക്കറ്റിനും മറ്റു വേണ്ട തുകയില്ലാത്തതിനെ തുടർന്ന് യാത്ര നീണ്ടു. അവസാനം കിം ജി ഗ്രുപ്പാണ് ഒമ്പത് പേർക്കുള്ള ടിക്കറ്റ് നൽകിയത്.

മിർബാത്തിൽ നിന്ന് എയർപോർട്ടിലേക്കുള്ള ബസ്സ് കൈരളിയാണ് ഏർപ്പാടാക്കിയത്. കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂരിന്റെ ഉടമസ്ഥതയിലുള്ള സലാല തട്ടുകട ഇവർക്കുള്ള ഭക്ഷണവും നൽകി. ഡോ. സൗമ്യ സനാതനന്റെ നേതൃത്വത്തിൽ സലാല അടുക്കള എന്ന സ്ത്രീ കൂട്ടായ്മ ഇവർക്കും കുടുംബത്തിനുമുള്ള അത്യാവശ്യ വസ്ത്രങ്ങൾ സംഘടിപ്പിക്കുകയും, ഓരോരുത്തർക്കും ഇരുപത്തിരണ്ട് കിലോ സാധനങ്ങൾ വീതം നൽകുകയും ചെയ്തു.

അഹമ്മദാബാദിൽ നിന്ന് അഞ്ഞൂറ് കിലോമീറ്റർ അകലെ ഗ്രാമത്തിലുള്ള ഇവർക്ക് നാട്ടിലെത്താൻ മൂവായിരം ഇന്ത്യൻ രൂപ വീതവും നൽകിയാണ് സലാല എയർപോർട്ടിൽ നിന്ന് യാത്രയാക്കിയത്. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് ആശ്വാസം നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞാണ് കപ്പൽ ക്യാപറ്റനും സംഘവും മടങ്ങിയത്.

TAGS :

Next Story