ടൂർ പാക്കേജ് തട്ടിപ്പ്: സലാലയിൽ തട്ടിപ്പിനിരയായവർ നിയമനടപടിക്കൊരുങ്ങുന്നു
പൊലീസിന് പരാതി നൽകാനും അംബാസഡർക്ക് പരാതി നൽകി നാട്ടിലേക്ക് കടന്ന സംഘാംഗങ്ങളെ നിയമത്തിൽ മുന്നിൽ കൊണ്ടുവരാനുമാണ് നീക്കം

സലാല: സലാലയിൽ ടൂർ പാക്കേജ് തട്ടിപ്പിനിരയായവർ നിയമനടപടിക്കൊരുങ്ങുന്നു. ബ്ലു ജെറ്റ് ഇന്റർനാഷണൽ സർവീസസ് എന്ന കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തി മുങ്ങിയ സംഘത്തിനെതിരെയാണ് ഇരകൾ ചേർന്ന് നിയമനടപടിക്കൊരുങ്ങുന്നത്. തട്ടിപ്പിനിരയായവരും സാമൂഹിക പ്രവർത്തകരുമാണ് ഇതിനായുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്. പൊലീസിന് പരാതി നൽകാനും അംബാസഡർക്ക് പരാതി നൽകി നാട്ടിലേക്ക് കടന്ന സംഘാംഗങ്ങളെ നിയമത്തിൽ മുന്നിൽ കൊണ്ടുവരാനുമാണ് നീക്കം.
ബ്ലൂ ജെറ്റ് ഇന്റർനാഷണൽ കമ്പനിയുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായ മുഴുവൻ ആളുകളും 91682636 എന്ന നമ്പറിൽ ബന്ധപ്പെടണം. തട്ടിപ്പിനിരയായ ഷഫീഖിന്റേതാണ് നമ്പർ. തുടർന്ന് പേര്, സിവിൽ ഐഡി നമ്പർ, വാട്‌സ്ആപ് നമ്പർ, അടച്ച തുക എന്നീ വിവരങ്ങൾ നൽകണം. തട്ടിപ്പിനിരയായവർ ഒന്നിച്ച് പരാതി നൽകാനാണിത്.
സലാലയടക്കം ഒമാന്റെ വിവിധ ഭാഗങ്ങളിൽ മലയാളികളടക്കമുള്ള നിരവധി പേർ കഴിഞ്ഞ വർഷം കബളിപ്പിക്കപ്പെട്ടതായി കഴിഞ്ഞ ദിവസം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ വാർത്ത വൈറലാവുകയും നേരത്തെ തട്ടിപ്പിനിരയായ നിരവധി പേർ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. ഇതിന് ശേഷം സലാലയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്ന അഞ്ചംഗ സംഘം നാട്ടിലേക്ക് കടന്നു. ആഗസ്റ്റ് 21 രാവിലെ കോഴിക്കോട്ടേക്കുള്ള എക്സ്പ്രസ് വിമാനത്തിനാണ് സലാലയിൽ നിന്ന് ഇവർ മുങ്ങിയത്. മലയാളികൾ ഉൾപ്പടെ നിരവധി പേരുടെ തുക ഇപ്രാവശ്യവും നഷ്ടമായതാണ് വിവരം.
വാർത്ത വന്നതിന് ശേഷം നിരവധി പേർ ഇവരുടെ ഓഫീസിൽ എത്തി തുക തിരികെ വാങ്ങി. ആളുകൾ കൂട്ടമായി വന്ന് പ്രശ്‌നമാവുമെന്നതിനെ തുടർന്നാണ് സംഘം മുങ്ങിയതെന്നാണ് അറിയുന്നത്. നോർത്ത് ഇന്ത്യക്കാരായ അഞ്ച് സ്റ്റാഫുകളാണ് ഇവിടെ ഓപറേഷൻ നടത്തിയിരുന്നത്. ഇവർ കോഴിക്കോട് വഴി നോർത്ത ഇന്ത്യയിലേക്ക് കടന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശിക്ക് അന്ന് രാവിലെ 200 റിയാൽ മടക്കി നൽകാമെന്ന് പറഞ്ഞിരുന്നു. രാവിലെ ചെന്നപ്പോൾ ഓഫീസ് പൂട്ടിയ നിലയിലാണ് കണ്ടത്. ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫായിരുന്നു. തട്ടിപ്പു സംഘത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണനും മാവേലിക്കര സ്വദേശി സലീന ഷബാനയും വർഷങ്ങളായി നാട്ടിൽ പോയിട്ടില്ല. ഇവർ ഹോങ്കോങ്ങ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം നടത്തുന്നതെന്ന് നേരത്തെ ഇവർക്കെതിരെ നിയമപോരാട്ടം നടത്തിയ പ്രവാസി വ്യവസായി വ്യക്തമാക്കി.
Adjust Story Font
16

