യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് സലാലയിൽ; ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
ഖത്തർ, ബഹ്‌റൈൻ രാജ്യങ്ങളിലെ സന്ദർശനത്തിന് പിന്നാലെയാണ് സലാലയിലെത്തിയത്

സലാല: സ്വകാര്യ സന്ദർശനത്തിനായി ഒമാനിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ഖത്തർ, ബഹ്‌റൈൻ രാജ്യങ്ങളിലെ സന്ദർശനത്തിന് പിന്നാലെയാണ് ശൈഖ് മുഹമ്മദ് സലാലയിൽ എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കൂടാതെ, പ്രാദേശിക സമാധാനം, സ്ഥിരത തുടങ്ങിയ പൊതു താൽപ്പര്യമുള്ള വിഷയങ്ങളിലും ഇരുവരും കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷിതവും അന്തസ്സുള്ളതും സമൃദ്ധവുമായ ജീവിതം ഉറപ്പാക്കുന്നതിനുള്ള സംയുക്ത നീക്കങ്ങൾക്കായി ഇരു നേതാക്കളും തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദബന്ധം ഊട്ടിയുറപ്പിക്കുന്നതായും പൊതു ലക്ഷ്യങ്ങൾക്കായി യോജിച്ച് പ്രവർത്തിക്കാനുള്ള താൽപ്പര്യം വ്യക്തമാക്കുന്നതായും കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നു.
Adjust Story Font
16

