ലോകകപ്പ് യോഗ്യത: ഒമാൻ നാലാം റൗണ്ടിൽ
ഫലസ്തീനെതിരെ 1-1 സമനില

മസ്കത്ത്: ലോകകപ്പ് യോഗ്യതാ സാധ്യതകൾ വീണ്ടും സജീവമാക്കി ഒമാൻ. നിർണായക മത്സരത്തിൽ ഫലസ്തീനെതിരെ 1-1ന് സമനില പിടിച്ചാണ് റെഡ്‍ വാരിയേഴ്സ് നാലാം റൗണ്ടിലേക്ക് പ്രവേശിച്ചത്. ദക്ഷിണ കൊറിയയും ജോർഡനും ബി ഗ്രൂപ്പിൽനിന്ന് ഒന്നും രണ്ടും സ്ഥാനക്കാരായി ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.
തോറ്റ് പുറത്തായി എന്ന് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു ഫലസ്തീനെതിരെ അവാസന മിനിറ്റിൽ ഒമാന് ഒരു പെനാൽറ്റി വീണു കിട്ടുന്നത്. യോഗ്യതയുടെ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ ഒമാന് സമനില മതിയായിരുന്നു. 97ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ഇസ്സാം അൽ സുബ്ഹിയി കൃത്യമായി ഗോളാക്കി മാറ്റി. ഇതോടെ ഒമാന്റെ ലോകകപ്പ് യോഗ്യത സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളച്ചു. ഗ്രൂപ്പ് ബിയിൽ പത്ത് കളിയിൽനിന്ന് 11പോയന്റുമായി നാലാം സ്ഥാനക്കാരായാണ് ഒമാൻ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. ഫലസ്തീന് 10പോയന്റാണുള്ളത്. ദക്ഷിണ കൊറിയയും ജോർഡനും ഈ ഗ്രൂപ്പിൽനിന്ന് ഒന്നും രണ്ടും സ്ഥാനക്കാരായി നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. 15പോയന്റുമായി ഗ്രൂപ്പിൽനിന്ന് മൂന്നാം സ്ഥാനക്കാരായി ഇറാഖും അടുത്ത റൗണ്ടിൽ കടന്നു. ജോർഡനിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊണ്ടും കൊടുത്തുമായിരുന്നു ഒമാനും ഫലസ്തീനും ആദ്യ പകുതിയിൽ മുന്നേറിയിരുന്നത്. ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം കളി തുടങ്ങിയ ഘട്ടത്തിൽ തന്നെ ഒമാനെ ഞെട്ടിച്ച് ഫലസ്തീൻ വലകുലുക്കി. ഒടുവിൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ കിട്ടിയ പെനാൽറ്റിയിലൂടെ സമനില പിടിച്ച് ഒമാൻ നാലാം റൗണ്ടിലേക്ക് കടക്കുകയായിരുന്നു.
Adjust Story Font
16

