Quantcast

ഖത്തറിൽ ബോട്ട് യാത്രക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രാലയം

ടൂറിസത്തിനായി ഉപയോഗിക്കുന്ന വലിയ വാടക ബോട്ടുകളുടെ ശേഷി അമ്പത് ശതമാനത്തിലധികമാകരുത്. പരമാവധി 40 യാത്രക്കാരെ മാത്രമേ ബോട്ടുകളിൽ കയറ്റാവൂ. മുഴുവൻ ബോട്ട് ജീവനക്കാരും കോവിഡ് വാക്‌സിനേഷൻ രണ്ട് ഡോസും പൂർത്തീകരിച്ചവരാകണം. യാത്രക്കാരിൽ വാക്‌സിനേഷൻ സ്വീകരിക്കാത്തവരുടെ എണ്ണം അഞ്ചിൽ കൂടരുത്.

MediaOne Logo

Web Desk

  • Published:

    9 Nov 2021 6:22 PM GMT

ഖത്തറിൽ ബോട്ട് യാത്രക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രാലയം
X

ഖത്തറിൽ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി ബോട്ട് യാത്രക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രാലയം. വലിയ ടൂറിസ്റ്റ് ബോട്ടുകളിൽ 50 ശതമാനത്തിലധികം യാത്രക്കാരെ കയറ്റരുത്. ഇന്ന് 138 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന വിവിധ നിയന്ത്രണങ്ങൾ നാല് ഘട്ടങ്ങളിലായി നീക്കിയെങ്കിലും ബോട്ട് യാത്രകൾക്കേർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ നിലവിലുള്ളത് പോലെ തുടരുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.

ടൂറിസത്തിനായി ഉപയോഗിക്കുന്ന വലിയ വാടക ബോട്ടുകളുടെ ശേഷി അമ്പത് ശതമാനത്തിലധികമാകരുത്. പരമാവധി 40 യാത്രക്കാരെ മാത്രമേ ബോട്ടുകളിൽ കയറ്റാവൂ. മുഴുവൻ ബോട്ട് ജീവനക്കാരും കോവിഡ് വാക്‌സിനേഷൻ രണ്ട് ഡോസും പൂർത്തീകരിച്ചവരാകണം. യാത്രക്കാരിൽ വാക്‌സിനേഷൻ സ്വീകരിക്കാത്തവരുടെ എണ്ണം അഞ്ചിൽ കൂടരുത്. അതെ സമയം സ്വകാര്യ വ്യക്തിഗത ബോട്ടുകളുകൾക്ക് പൂർണ ശേഷിയോടെ പ്രവർത്തിക്കാം. എന്നാൽ യാത്രക്കാരുടെ എണ്ണം 12 ൽ കൂടരുത്. ബോട്ടിലെ മുഴുവൻ ജീവനക്കാരും വാക്‌സിനേഷൻ സ്വീകരിച്ചവരാകണം.

ഈ മാസം അവസാനം ഖത്തറിൽ ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന് കാണികളും സഞ്ചാരികളുമായി ആയിരക്കണക്കിന് വിദേശികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചിരിക്കുന്നത്. ദോഹയുടെ ഹൃദയഭാഗമായ കോർണിഷിൽ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ബോട്ട് യാത്രയാണ്. അതിനിടെ രാജ്യത്ത് ഇന്ന് 138 പേർക്ക് കൂടി കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തു. 113 പേർക്ക് സമ്പർക്കം വഴി രോഗം പകർന്നപ്പോൾ 25 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 1488 ആയി ഉയർന്നു.

TAGS :

Next Story