2025-26 ക്രൂയിസ് സീസൺ; ഖത്തറിലെത്തിയത് രണ്ടു ലക്ഷത്തിലേറെ സഞ്ചാരികൾ
അമ്പതോളം ക്രൂയിസ് കപ്പലുകൾ ദോഹയിൽ നങ്കൂരമിട്ടു

ദോഹ: ഖത്തറിൽ ഈ വർഷത്തെ ക്രൂയിസ് സീസൺ അവസാനിച്ചു. രണ്ടു ലക്ഷത്തിലേറെ വിനോദ സഞ്ചാരികളാണ് ഈ സീസണിൽ രാജ്യത്തെത്തിയത്. അമ്പതോളം ക്രൂയിസ് കപ്പലുകൾ ദോഹയിൽ നങ്കൂരമിട്ടു.
മവാനി ഖത്തർ പുറത്തുവിട്ട കണക്ക് പ്രകാരം ഓൾഡ് ദോഹ പോർട്ടിലെ ക്രൂയിസ് ടെർമിനൽ ഈ വർഷം 49 ക്രൂയിസ് കപ്പലുകളെയാണ് സ്വാഗതം ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടു ലക്ഷത്തിലധികം പേർ ഈ കപ്പലുകളിൽ ഖത്തർ കാണാനെത്തി. മൂന്ന് കപ്പലുകൾ ആദ്യമായാണ് ദോഹ തീരത്തെത്തുന്നത്. ഈ വർഷം മെയ് വരെ ഇത്തവണത്തെ സീസൺ പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
അത്യാഡംബര ക്രൂയിസ് കപ്പലായ എം.എസ്.സി യുറീബിയയാണ് ഈ സീസണിൽ ആദ്യം ദോഹയിലെത്തിയത്. ഇതിനു പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കപ്പലുകളെത്തി. സീസൺ നേരത്തെ അവസാനിച്ചിട്ടും സഞ്ചാരികളുടെ എണ്ണത്തിൽ ഇത്തവണ സ്ഥിരത കൈവരിക്കാനായത് രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കരുത്തു പകരുന്നതാണ്.
Adjust Story Font
16

