ഖത്തറുമായി സഹകരണം ശക്തിപ്പെടുത്താൻ ആസിയാൻ
15 ബില്യൺ യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഖത്തറും ആസിയാനും തമ്മിലുള്ളത്

ദോഹ: ഖത്തറുമായുള്ള സാമ്പത്തിക, രാഷ്ട്രീയ സഹകരണം ശക്തിപ്പെടുത്താൻ ആസിയാൻ രാഷ്ട്രങ്ങൾ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ ഭാഗമായാണ് സഹകരണം ശക്തിപ്പെടുത്തുന്നത്.
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനും ഗൾഫ് സഹകരണ കൗൺസിൽ അംഗങ്ങളായ രാജ്യങ്ങളും തമ്മിൽ വ്യാപാര, സാമ്പത്തിക മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ക്വാലലംപൂർ ഉച്ചകോടി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ വർഷം മേയിലായിരുന്നു രണ്ടാമത് ആസിയാൻ-ജിസിസി ഉച്ചകോടി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് എന്നിവരുൾപ്പെടെ നിരവധി ആസിയാൻ നേതാക്കളുമായി ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനുള്ള താൽപര്യം അമീർ പങ്കുവെച്ചിരുന്നു. ആസിയാൻ നേതാക്കളുടെ ഖത്തർ സന്ദർശന വേളയിലും പരസ്പര സഹകരണം ചർച്ചയായി.
ഏറ്റവും പുതിയ കണക്കുപ്രകാരം 15 ബില്യൺ യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഖത്തറും ആസിയാനും തമ്മിലുള്ളത്. ആസിയാനിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപക രാഷ്ട്രം കൂടിയാണ് ഖത്തർ. ഊർജം, സാമ്പത്തിക സേവനം, റിയൽ എസ്റ്റേറ്റ്, ടെലികമ്മ്യൂണിക്കേഷൻ, കൃഷി, ഹോസ്പിറ്റാലിറ്റി, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഖത്തറിന് ഇവിടങ്ങളിൽ നിക്ഷേപമുണ്ട്.
Adjust Story Font
16

