ലോകകപ്പ് ബീച്ചില്‍ ആഘോഷിക്കാം; ഖിതൈഫാനില്‍ വിശാലമായ വിനോദ ബീച്ച് ഒരുങ്ങുന്നു
അര്‍ധരാത്രി വരെ സന്ദര്‍ശകരെ അനുവദിക്കും

ലോകകപ്പിന് ഖത്തറിലെത്തുന്ന ആരാധകർക്കായി ഖിതൈഫാൻ നോർത്ത് ഐലൻഡിൽ വിശാലമായ വിനോദ ബീച്ച് ഒരുങ്ങുന്നു. ടൂർണമെൻറ് കാലയളവിൽ രാവിലെ മുതല്‍ അർധരാത്രി വരെ ഇവിടെ സന്ദർശകരെ അനുവദിക്കും. ലുസൈലിലെ ഖിതൈഫാൻ നോർത്ത് ഐലൻഡിൽ 'ഖിതൈഫാൻ ബീച്ച് ഫെസ്റ്റ് ബൈ യൂനിറ്റ്–വൈ' എന്ന പേരിലാണ് ആരാധകർക്കായി പുതിയ വിനോദ മേഖല സ്ഥാപിക്കുന്നത്. ഫ്യൂഷ്യൻ ഹോസ്പിറ്റാലിറ്റി ആൻഡ് എക്സിബിഷൻസുമായി ചേർന്ന് മദാഈൻ അൽ ദോഹ ഗ്രൂപ്പ് ആയിരിക്കും വിശാലമായ ഈ വിനോദ മേഖല നിയന്ത്രിക്കുകയെന്ന് സംഘാടകർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, വിവിധ വിനോദപ്രവർത്തനങ്ങൾ, ഭക്ഷ്യ–പാനീയ–റീട്ടെയിൽ ഔട്ട്ലെറ്റുകൾ, തത്സമയ സംഗീതക്കച്ചേരികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് സന്ദർശകർക്കായി ഇവിടെ ഒരുങ്ങുന്നത്. ടൂർണമെൻറ് കാലയളവിൽ രാവിലെ നേരത്തെ ആരംഭിച്ച് അർധരാത്രി വരെയായിരിക്കും സന്ദർശകരെ അനുവദിക്കുക.
ഖത്തറിലെ പ്രമുഖരായ സംഗീതജ്ഞരുടെ സംഗീതക്കച്ചേരിക്കൊപ്പം ആഗോള തലത്തിൽ പ്രസിദ്ധരായ കലാകാരന്മാരുടെ പ്രത്യേക കലാ,സംഗീത, നൃത്ത പരിപാടികളും ഇവിടെ അവതരിപ്പിക്കും. ഖിതൈഫാൻ ബീച്ച് ഫെസ്റ്റിലേക്ക് പ്രവേശനം അനുവദിക്കുന്ന ടിക്കറ്റുകൾ വരും ആഴ്ചകളിൽ പുറത്തിറക്കും.
Adjust Story Font
16

