ഖത്തറിലേത് ചരിത്രത്തിലെ ഏറ്റവും വിസ്മയം നിറഞ്ഞ ലോകകപ്പായിരിക്കും : കഫു

2022 ലോകകപ്പിനായി ഖത്തര്‍ സജ്ജമാക്കിയ തുമാമ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

MediaOne Logo

Web Desk

  • Updated:

    2021-10-21 17:09:50.0

Published:

21 Oct 2021 5:06 PM GMT

ഖത്തറിലേത് ചരിത്രത്തിലെ ഏറ്റവും വിസ്മയം നിറഞ്ഞ ലോകകപ്പായിരിക്കും : കഫു
X

ചരിത്രത്തിലെ ഏറ്റവും വിസ്മയം നിറഞ്ഞ ലോകകപ്പായിരിക്കും ഖത്തറിലേതെന്ന് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം കഫു. 2022 ലോകകപ്പിനായി ഖത്തര്‍ സജ്ജമാക്കിയ തുമാമ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രണ്ട് ലോകകപ്പില്‍ കളിച്ച അനുഭവസമ്പത്തുള്ള എന്‍റെ അഭിപ്രായത്തില്‍ ഖത്തര്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ടൂര്‍ണമെന്‍റായിരിക്കും. ചെറിയ രാജ്യമായതും സ്റ്റേഡിയങ്ങള്‍ക്കിടയില്‍ അകലമില്ലാത്തതും കാണികള്‍ക്ക് ഏറെ ഗുണകരമാകും. ലോകകപ്പിന് ശേഷം ഖത്തര്‍ ആഭ്യന്തര ലീഗില്‍ കൂടുതല്‍ സൂപ്പര്‍ താരങ്ങള്‍ കളിക്കാനെത്തിയേക്കും. ഖത്തര്‍ ലോകകപ്പിന്‍റെ വിജയത്തോടെ കൂടുതല്‍ ചെറിയ രാജ്യങ്ങള്‍ ആതിഥേയത്വത്തിനായി രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഏഷ്യന്‍ ഫുട്ബോളിന്‍റെ വളര്‍ച്ച പ്രതീക്ഷാവഹമാണ്. കളിയാരാധകരുടെ കാര്യത്തില്‍ മുമ്പിലാണെങ്കിലും കളിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു'. കഫു പറഞ്ഞു.

ലോകകപ്പ് രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തുകയെന്ന ആശയത്തോടെ തനിക്ക് യോജിപ്പില്ലെന്നും നാല് കൊല്ലത്തോളം നീളുന്ന കാത്തിരിപ്പാണ് ലോകകപ്പിന് പൊലിമ പകരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് നടത്തുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം നല്ല അവസരമാണെന്നായിരുന്നു ഡച്ച് ഫുട്ബോള്‍ ഇതിഹാസവും 2022 ലോകകപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറുമായ ഫ്രാങ്ക് ഡിബോയറിന്‍റെ അഭിപ്രായം. വലിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയാണ് ഖത്തറിന്‍റെ കൈമുതലെന്നും വരും തലമുറകള്‍ക്കുള്ള മികച്ച നീക്കിയിരിപ്പായിരിക്കും 2022 ലോകകപ്പെന്നും ഡിബോയര്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ഇതിഹാസം ടിം കാഹിലും മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ പങ്കെടുത്തു. മധ്യേഷ്യയില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും പുട്ബോളില്‍ വലിയ വളര്‍ച്ച കൈവരിച്ചത് ഖത്തറിന്‍റെ അഭിമാനനേട്ടമാണെന്ന് കാഹില്‍ പറഞ്ഞു


Next Story