ഖത്തറിലെ കാലാവസ്ഥാമാറ്റം: ആശങ്ക വേണ്ടെന്ന് കാലാവസ്ഥാവകുപ്പ്
രാജ്യത്ത് മേഘാവൃതമായ കാലാവസ്ഥ തുടരുകയാണ്

ദോഹ: ഖത്തറിലെ കാലാവസ്ഥാ മാറ്റങ്ങളിൽ ആശങ്ക വേണ്ടെന്ന് അധികൃതർ. തുടർച്ചയായി ഉണ്ടാകുന്ന മിന്നൽ അടക്കമുള്ളവ പതിവു പ്രതിഭാസമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് മേഘാവൃതമായ കാലാവസ്ഥ തുടരുകയാണ്.
ശൈത്യകാലത്തിന്റെ അവസാനത്തോടൊപ്പം സാധാരണ ഗതിയിലുണ്ടാകുന്ന അൽ സറായാത് എന്ന സീസണൽ പ്രതിഭാസമാണ് നിലവിൽ രാജ്യത്ത് അനുഭവപ്പെടുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ മെട്രോളജി ഡിപാർട്മെന്റ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ മന്നായിയാണ് ഇതേക്കുറിച്ച് വിശദീകരിച്ചത്. ഈ പ്രതിഭാസത്തിൽ ആശങ്കയുടെയോ അടിയന്തര മുന്നറിയിപ്പുകളുടെയോ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ചയും വ്യാഴാഴ്ചയും വൈകീട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ തുടർച്ചയായ മിന്നൽ ആശങ്കയ്ക്കിടയാക്കിയിരുന്നു.
മാർച്ച് മൂന്നാം പാതി മുതൽ മെയ് മധ്യം വരെ നീണ്ടു നിൽക്കുന്നതാണ് അൽ സറായാത്ത്. ഇക്കാലയളവിൽ കുറഞ്ഞ സമയത്തിനുള്ളിൽ മേഘങ്ങൾ ഉരുണ്ടുകൂടുകയും തുടർന്ന് കനത്ത ഇടിമിന്നലും പൊടിപടലങ്ങൾ ഉണ്ടാക്കുന്ന കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. സായാഹ്നങ്ങളിലും രാത്രിയും ഈ പ്രതിഭാസം ഇടയ്ക്കിടെ പ്രതീക്ഷിക്കാം. ഇന്നും നാളെയും ഇടിമിന്നലോടു കൂടിയുള്ള മഴയുണ്ടാകുമെന്ന് അൽ മന്നായി പറഞ്ഞു. ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. എല്ലാവരും സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
Adjust Story Font
16

