ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 14 മുതൽ; 500ലേറെ പ്രസാധകർ പങ്കെടുക്കും
പുസ്തകോത്സവത്തിന്റെ മുപ്പത്തിയഞ്ചാം പതിപ്പാണ് ഇത്തവണത്തേത്

ദോഹ: ഈ വർഷത്തെ ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത് അഞ്ഞൂറിലേറെ പ്രസാധകർ. പത്തു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 36 രാജ്യങ്ങളുടെ സാന്നിധ്യമുണ്ടാകും. പുസ്തകോത്സവത്തിന്റെ മുപ്പത്തിയഞ്ചാം പതിപ്പാണ് ഇത്തവണത്തേത്.
മെയ് 14 മുതൽ 23 വരെ ദോഹ എക്‌സിബിഷൻ ആന്റ് കൺവൻഷൻ സെന്റർ - DECC - യിലാണ് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം. ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 515 പ്രസാധകരും സ്ഥാപനങ്ങളും മേളയുടെ ഭാഗമാകും. 910 സ്റ്റാളുകളാണ് പുസ്തക മേളയിൽ ഒരുങ്ങുന്നത്. വിവിധ മന്ത്രാലയങ്ങൾ, ഗവണ്മെന്റ് സ്ഥാപനങ്ങൾ, എംബസികൾ എന്നിവയുടെ പങ്കാളിത്തവും ഇത്തവണയുമുണ്ടാകും.
രാവിലെ ഒമ്പതു മുതൽ രാത്രി പത്തു മണി വരെയാണ് സന്ദർശക സമയം. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് മൂന്നു മുതൽ രാത്രി പത്തു വരെ. പുസ്തക പ്രദർശനത്തിനും വില്പനയ്ക്കും പുറമേ എഴുത്തുകാർ പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ, സെമിനാറുകൾ, ശില്പശാലകൾ എന്നിവയും അരങ്ങേറും. കുട്ടികൾക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കൊത്തുപണിയിൽ നിന്ന് എഴുത്തിലേക്ക് എന്നതാണ് ഇത്തവണയും മേളയുടെ പ്രമേയം.
1972ൽ തുടക്കം കുറിച്ച മേള മേഖലയിലെ ആദ്യത്തെ പുസ്തകോത്സവമാണ്. രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന പരിപാടി 2002 മുതലാണ് പ്രതിവർഷമായി മാറിയത്. ആദ്യ വർഷം ഇരുപത് പ്രസാധകർ മാത്രമായിരുന്നു മേളയിലെ പങ്കാളിത്തം. എന്നാൽ കഴിഞ്ഞ വർഷം അഞ്ഞൂറിലേറെ പ്രസാധകരാണ് മേളയുടെ ഭാഗമായത്.
Adjust Story Font
16

