ഖത്തർ അജിയാൽ ചലച്ചിത്ര മേളയിൽ ഇക്കുറിയും ഡ്രൈവ് ഇൻ സിനിമ സൗകര്യം
നവംബർ 10 മുതൽ 13 വരെയുള്ള ദിവസങ്ങളിലായി ആറ് സിനിമകളാണ് ഡ്രൈവ് ഇൻ സിനിമ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുക

ഖത്തർ അജിയാൽ ചലച്ചിത്ര മേളയിൽ ഇക്കുറിയും ഡ്രൈവ് ഇൻ സിനിമ സൗകര്യം ഉണ്ടാകും. ലുസൈൽ സിറ്റിയിലാണ് വാഹനങ്ങളിലിരുന്ന് തന്നെ സിനിമ കാണാനുള്ള വലിയ സ്‌ക്രീനുകളൊരുക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതിന് ശേഷമെത്തുന്ന ആദ്യത്തെ അജിയാൽ ചലച്ചിത്ര മേള വിപുലമായി നടത്താനാണ് ദോഹ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിന്റെ പദ്ധതി. കഴിഞ്ഞ തവണ ഒരുക്കിയ ഡ്രൈവ് ഇൻ സിനിമ സൗകര്യം ഇപ്രാവശ്യവും തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വാഹനങ്ങളിലിരുന്ന് തന്നെ തുറന്ന മൈതാനത്തെ വലിയ സ്‌ക്രീനിൽ സിനിമ ആസ്വദിക്കുന്നതിനുള്ള സൗകര്യമാണ് ഡ്രൈവ് ഇൻ സിനിമ. നവംബർ 10 മുതൽ 13 വരെയുള്ള ദിവസങ്ങളിലായി ആറ് സിനിമകളാണ് ഡ്രൈവ് ഇൻ സിനിമ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുക. ഫാമിലി എൻറർടെയിൻമെൻറ്, ഹൊറർ സ്വഭാവത്തിലുള്ള എക്കാലത്തെയും മികച്ച ആറ് ക്ലാസിക് ചിത്രങ്ങൾ മൂന്ന് ദിവസങ്ങളിലായി പ്രദർശിപ്പിക്കും.
നവംബർ പത്തിന് വൈകീട്ട് ആറരയ്ക്കുള്ള ദ ഗോൾഡൻ ഓർബാണ് ആദ്യം പ്രദർശനം. നവംബർ 11 ന് വൈകീട്ട് ആറരയ്ക്ക് ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോൺ. അന്ന് തന്നെ അർധരാത്രി 12 ന് ചൈൽഡ്‌സ് പ്ലേ, നവംബർ 12 ന് വൈകീട്ട് ആറരയ്ക്ക് വൺ ഹണ്ട്രഡ് ആൻഡ് വൺ ഡാൽമേഷ്യൻസ്, അന്ന് തന്നെ രാത്രി പന്ത്രണ്ടിന് ദ കൺജ്വറിങ്, അവസാന ദിനമായ നവംബർ 13 ന് രാത്രി പത്ത് മണിക്ക് അനബെല്ല എന്നിങ്ങനെയാണ് പ്രദർശന ചിത്രങ്ങളും സമയവും. നൂറ് മുതൽ 150 റിയാൽ വരെയാണ് വാഹനങ്ങൾക്ക് ഈടാക്കുന്ന ടിക്കറ്റ് നിരക്ക്. www.dohafilminstitute.com/festival എന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. നവംബർ ഏഴിന് ആരംഭിക്കുന്ന അജിയാൽ ഫിലിം ഫെസ്റ്റിവലിന്റെ ഒമ്പതാമത് എഡിഷനിൽ 44 രാജ്യങ്ങളിൽ നിന്നുള്ള 85 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
Adjust Story Font
16

