മധുര പാനീയങ്ങൾക്ക് ഖത്തറിൽ എക്സൈസ് നികുതി
സോഫ്റ്റ്, എനർജി ഡ്രിങ്കുകൾക്ക് നേരത്തെ തന്നെയുള്ള നികുതി ഇനി മുതൽ എല്ലാ മധുരപാനീയങ്ങൾക്കും ബാധകമാകും

ദോഹ: ഖത്തറിൽ എല്ലാതരം മധുര പാനീയങ്ങൾക്കും എക്സൈസ് നികുതി ഏർപ്പെടുത്താൻ തീരുമാനം. ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനായി എക്സൈസ് നിയമത്തിൽ ജനറൽ ടാക്സ് അതോറിറ്റി ഭേദഗതി വരുത്തി.
എക്സൈസ് തീരുവയുമായി ബന്ധപ്പെട്ട 2018ലെ ഇരുപത്തിയഞ്ചാം നമ്പർ നിയമം ഭേദഗതി ചെയ്താണ് എല്ലായിനം മധുരപാനീയങ്ങളെയും നികുതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സോഫ്റ്റ്, എനർജി ഡ്രിങ്കുകൾക്ക് നേരത്തെ തന്നെയുള്ള നികുതി ഇനി മുതൽ എല്ലാ മധുരപാനീയങ്ങൾക്കും ബാധകമാകും. ഇതു പ്രകാരം പഞ്ചസാര ചേർത്ത ജ്യൂസുകൾ, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ, സിറപ്പുകൾ, മറ്റു മധുര പാനീയങ്ങൾ എന്നിവയ്ക്കെല്ലാം നികുതി നൽകണം.
നികുതി ഏർപ്പെടുത്തുന്ന രീതിയും ടാക്സ് അതോറിറ്റി പരിഷ്കരിച്ചു. പാനീയത്തിലെ പഞ്ചസാരയുടെയോ മധുരത്തിന്റെയോ അളവ് അടിസ്ഥാനമാക്കിയായിരിക്കും ഇനി നികുതി നിശ്ചയിക്കുക. മധുരം കൂടുന്തോറും ഉത്പന്നത്തിന്റെ വില കൂടുമെന്നർഥം.
നിയമം ഇഷ്യൂ ചെയ്ത് മൂന്നു മാസത്തിനു ശേഷമാകും ഇത് പ്രാബല്യത്തിൽ വരിക. നികുതിദായകർക്ക് പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ വേണ്ടിയാണ് ഇത്രയും സമയം അനുവദിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് നിയമ ഭേദഗതി.
Adjust Story Font
16

