ദോഹ ഇനി നടന്നു കാണാം! ഖത്തറിൽ പുതിയ ടൂറിസം പദ്ധതി
ആഴ്ചയിൽ എല്ലാ ദിവസവും പൈതൃക യാത്രയുടെ ഭാഗമാകാം

ദോഹ: ദോഹയുടെ പൈതൃകം അടുത്തറിയാനുള്ള സ്കീക് അൽ ദോഹ സാംസ്കാരിക ടൂറിസം പദ്ധതിക്ക് തുടക്കമായി. ഖത്തർ മ്യൂസിയം ചെയർ പേഴ്സൺ ശൈഖ മയാസ അൽ ഥാനി ഉദ്ഘാടനം ചെയ്തു. ആറു മാസം നീണ്ടു നിൽക്കും.
ദോഹയുടെ ഹൃദയഭാഗത്തെ അഞ്ചു പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സാംസ്കാരിക നടത്തപാതയാണ് സ്കീക് അൽ ദോഹ. പരമ്പരാഗത ഖത്തറി ജീവിത രീതികൾ പരിചയപ്പെടുത്തുന്ന ഫരീജ് അൽ അസ്മഖ്, വാസ്തു വൈദഗ്ധ്യവും വ്യാപാര ചരിത്രവും അടയാളപ്പെടുത്തുന്ന ബയ്ത് അൽ സമാൻ, ഖത്തറിന്റെ രൂപീകരണ പശ്ചാത്തലത്തിന്റെയും ചരിത്രവേരുകളുടെയും കഥ പറയുന്ന ഫൗണ്ടേഴ്സ് ഹൗസ്, കാൽപ്പന്തിന്റെ ചരിത്രം വിളിച്ചോതുന്ന ദോഹ സ്റ്റേഡിയം, ചരിത്രരേഖകളുടെയും പുസ്തകങ്ങളുടെയും അനുഭവം സമ്മാനിക്കുന്ന ദാറുൽ കുതുബ് എന്നിവയാണ് ഈ യാത്രാ പദ്ധതിയിൽ സന്ദർശിക്കാനാകുക.
ആഴ്ചയിൽ എല്ലാ ദിവസവും പൈതൃക യാത്രയുടെ ഭാഗമാകാം. എക്സിബിഷൻ കേന്ദ്രങ്ങൾ വൈകിട്ട് മൂന്നു മുതൽ പത്തു വരെയാണ് പ്രവർത്തിക്കുക. 2027 മെയ് പതിനഞ്ചു വരെയാണ് പദ്ധതി. ഉദ്ഘാടനച്ചടങ്ങിൽ ശൈഖ മയാസയ്ക്ക് പുറമേ, ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി, വിസിറ്റ് ഖത്തർ സി.ഇ.ഒ അബ്ദുൽ അസീസ് അലി അൽ മൗലവി എന്നിവരും പങ്കെടുത്തു.
Adjust Story Font
16

