ഫിഫ അറബ് കപ്പ്: സെമിയിൽ ഇന്ന് തീ പാറും പോരാട്ടങ്ങൾ
കിരീടത്തിനായി പോരടിക്കാൻ മൊറോക്കോ, സൗദി അറേബ്യ, യു.എ.ഇ., ജോർദാൻ എന്നീ നാല് ടീമുകളാണ് ശേഷിക്കുന്നത്

ദോഹ: ഖത്തർ വേദിയാകുന്ന ഫിഫ അറബ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് അതിന്റെ ആവേശകരമായ അന്ത്യത്തിലേക്ക്. ക്വാർട്ടർ ഫൈനലുകൾക്ക് ശേഷം കിരീടത്തിനായി പോരടിക്കാൻ മൊറോക്കോ, സൗദി അറേബ്യ, യു.എ.ഇ., ജോർദാൻ എന്നീ നാല് ടീമുകളാണ് ശേഷിക്കുന്നത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വൈകീട്ട് 5:30ന് നടക്കുന്ന ആദ്യ സെമിയിൽ അറ്റ്ലസ് ലയൺസ് എന്ന് വിളിപ്പേരുള്ള മൊറോക്കോ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ നേരിടും. രാത്രി 8:30ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന രണ്ടാം സെമിയിൽ സൗദി അറേബ്യ ജോർദാനുമായി കൊമ്പുകോർക്കും. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാതെയാണ് മൊറോക്കോയും ജോർദാനും സെമിയിലെത്തിയത്. മുൻ ചാമ്പ്യന്മാരെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യു.എ.ഇ കളത്തിലിറങ്ങുന്നത്. ഫൈനലിലേക്കുള്ള എളുപ്പവഴിയാണ് സൗദിയുടെ നോട്ടം.
കഴിഞ്ഞ വ്യാഴാഴ്ച മൊറോക്കോ സിറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നാണ് സെമിയിലെത്തിയത്. പകരക്കാരനായി ഇറങ്ങിയ വലീദ് അസാരോയാണ് നിർണായക ഗോൾ നേടിയത്. അതേ ദിവസം തന്നെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഫലസ്തീനെതിരെ അധിക സമയത്ത് മുഹമ്മദ് കന്നോ നേടിയ തകർപ്പൻ ഹെഡർ ഗോളിലൂടെയാണ് സൗദി അറേബ്യ 2-1ന് വിജയിച്ചത്. നിലവിലെ ചാമ്പ്യന്മാരായ അൽജീരിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ച് യു.എ.ഇ.യും ജോർദാൻ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചുമാണ് സെമിയുറപ്പിച്ചത്. ക്വാർട്ടർ ഫൈനലുകളിലെ ശക്തമായ പോരാട്ടങ്ങളുടെയും തുടർച്ചയെന്നോണം സെമി മത്സരങ്ങളും ഫുട്‌ബോൾ പ്രേമികൾക്ക് ഒരു വിരുന്നായിരിക്കും. ഡിസംബർ 18നാണ് ഫൈനലും മൂന്നാം സ്ഥാനത്തിനായുള്ള മത്സരവും നടക്കുന്നത്.
Adjust Story Font
16

