ഫിഫ അണ്ടർ 17 ലോകകപ്പ് ചിത്രം തെളിഞ്ഞു; കൗമാര കാല്പന്തുത്സവത്തിൽ 12 ഗ്രൂപ്പുകളിലായി 48 ടീമുകൾ
നവംബർ 19ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ഡിസംബർ 13ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്

ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പിന്റെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. പന്ത്രണ്ട് ഗ്രൂപ്പുകളിലായി 48 ടീമുകളാണ് കൗമാര കാല്പന്തുത്സവത്തിൽ പങ്കെടുക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലാണ് ലോകകപ്പ് അരങ്ങേറുക. ഫിഫ ആസ്ഥാനമായ സൂറിച്ചിൽ നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പുകൾ നിശ്ചയിച്ചത്. ആതിഥേയരായ ഖത്തർ ഗ്രൂപ്പ് 'എ'യിൽ മത്സരിക്കും. പാനമ, ഈജിപ്ത്, ഗ്രീസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. മുൻ ചാമ്പ്യന്മാരായ ഇറ്റലി, ബ്രസീൽ, മൊറോക്കോ, ജപ്പാൻ, സൗദി അറേബ്യ തുടങ്ങിയ പ്രമുഖ ടീമുകൾ ടൂർണമെന്റിനായി ദോഹയിലെത്തും. മോണ്ടിനെഗ്രോ, ഗ്രീസ്, റൊമാനിയ, സെർബിയ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ആദ്യമായാണ് കൗമാര മേളയിൽ പന്തു തട്ടുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഇത്തവണ ലോകകപ്പിലേക്ക് യോഗ്യത നേടിയിട്ടില്ല.
ആരാധകർ ഏറെയുള്ള അർജന്റീന, ആസ്ട്രേലിയ, ഡെന്മാർക്ക് അടങ്ങുന്ന ഗ്രൂപ്പ് സിയിലാണുള്ളത്. ബ്രസീൽ, ഐർലൻഡും കോസ്റ്റാറിക്കയും അടങ്ങുന്ന ഗ്രൂപ്പ് ഐയിലും. ആസ്പയർ സോണിലെ അത്യാധുനിക സ്റ്റേഡിയങ്ങൾ മത്സരങ്ങൾക്കു വേദിയാകും. നവംബർ 19ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ഡിസംബർ 13ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്. കഴിഞ്ഞ തവണ 1,97000 ആരാധകരാണ് ടൂർണമെന്റ് വീക്ഷിക്കാനായി എത്തിയിരുന്നത്. അടുത്ത തലമുറയുടെ താരങ്ങളെ കണ്ടെത്താൻ മുൻനിര ക്ലബുകളിൽ നിന്ന് 130 സ്കൗട്ടുകളും ദോഹയിലെത്തിയിരുന്നു.
Adjust Story Font
16

