Quantcast

ജനാധിപത്യരീതിയില്‍ ഷൂറാ കൗണ്‍സിലിലേക്കുള്ള നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തില്‍ ഖത്തര്‍ ജനത

ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ഷൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്.

MediaOne Logo

Web Desk

  • Published:

    27 Aug 2021 6:35 PM GMT

ജനാധിപത്യരീതിയില്‍  ഷൂറാ കൗണ്‍സിലിലേക്കുള്ള നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തില്‍ ഖത്തര്‍ ജനത
X

ഖത്തറില്‍ ജനാധിപത്യ രീതിയില്‍ നടക്കുന്ന ആദ്യത്തെ ഷൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സ്ത്രീകളുള്‍പ്പെടെ സ്ഥാനാര്‍ഥികളുടെ വന്‍ പങ്കാളിത്തം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പത്രികകള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.

ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ഷൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ജനാധിപത്യ രീതിയില‍് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിന് അത്യുത്സാഹത്തോടെയുള്ള പ്രതികരണമാണ് ലഭിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ പ്രതീക്ഷിച്ചതിനേക്കാളേറെ എണ്ണം പത്രികകളാണ് ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക ഓഗസ്റ്റ് 30 ന് തെരഞ്ഞെടുപ്പ് സമിതിയുടെ ആസ്ഥാനത്ത് വെച്ച് പ്രഖ്യാപിക്കും. പരാതികളും എതിർപ്പുകളും സമർപ്പിക്കുന്നതിന് ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 15 വരെ സമയം അനുവദിക്കും. തെരഞ്ഞെടുപ്പിന്‍റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശങ്ങളാണ് അനുവദിച്ചിട്ടുള്ളത്.

സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ പ്രചാരണത്തിന് തുടക്കമാകും. വോട്ടിങ് നടക്കുന്നതിന്‍റെ 24 മണിക്കൂര്‍ മുമ്പ് പ്രചാരണം അവസാനിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ കെട്ടിടങ്ങളിലോ പരസ്യങ്ങളോ പ്രചാരണ ബോര്‍ഡുകളോ സ്ഥാപിക്കാന്‍ പാടുള്ളതല്ല. 20 ലക്ഷം റിയാല്‍ വരെ സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിനായി ചെലവഴിക്കാം. ഇതില്‍ 35 ശതമാനം വരെ സംഭാവനയായി സ്വീകരിക്കാം. ഖത്തറിന്‍റെ ഭരണനയങ്ങളും നിയമങ്ങളും ബജറ്റ് ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങളും തീരുമാനിക്കുന്ന 45 അംഗ ഷൂറാ കൗണ്‍സിലിലേക്ക് 30 അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ബാക്കി 15 പേരെ അമീര്‍ നേരിട്ട് നാമനിര്‍ദേശം ചെയ്യും. രാജ്യത്ത് മൊത്തം 30 ഇലക്ടറല്‍ ജില്ലകളായി തിരിച്ചാണ് വോട്ടെടുപ്പ് നടക്കുക. ഓരോ ജില്ലകളില്‍ നിന്നും ഓരോ പ്രതിനിധിയെ വീതം വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും.

TAGS :

Next Story