ചൂട് കനത്തു; ഖത്തറിൽ ബൈക്ക് ഡെലിവറി സർവീസിന് പകൽ സമയങ്ങളിൽ നിയന്ത്രണം
ജൂൺ ഒന്നിന് ആരംഭിക്കുന്ന ഈ നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും

ദോഹ: ഖത്തറിൽ വേനൽ കനത്തതോടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബൈക്ക് ഡെലിവറി സർവീസിന് നിയന്ത്രണമേർപ്പെടുത്തി. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 15 വരെ ഉച്ചസമയത്ത് ബൈക്ക് ഡെലിവറി സേവനങ്ങൾ അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കനത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ജൂൺ ഒന്നു മുതൽ ഉച്ച സമയത്ത് പുറം ജോലികൾക്ക് നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് മൂന്നര വരെയായിരുന്നു ഈ വിശ്രമ സമയം. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ബൈക്കിൽ ഡെലിവറി സേവനം നടത്തുന്നതിനും തൊഴിൽ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ജൂൺ ഒന്നിന് ആരംഭിക്കുന്ന ഈ നിരോധനം സെപ്റ്റംബർ 15 വരെ തുടരും. രാവിലെ 10 മണി മുതൽ ഉച്ചക്ക് മൂന്നര വരെ ബൈക്ക് ഡെലിവറിക്ക് വിലക്കുണ്ടെങ്കിലും, ഡെലിവറി കമ്പനികൾക്ക് ഈ സമയത്ത് കാറുകൾ ഉപയോഗിച്ച് സർവീസ് നടത്താൻ അനുവാദമുണ്ട്. തൊഴിലാളികളുടെ പ്രയാസങ്ങൾ പൊതുജനങ്ങൾ മനസ്സിലാക്കണമെന്നും ഡെലിവറി സേവനങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
Adjust Story Font
16

