ഖത്തറിൽ ഇന്നും ഇറാന്റെ ഡ്രോൺ ആക്രമണം; സായുധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയം
സംഘർഷങ്ങൾക്കിടെ ഖത്തർ-ചൈന ചർച്ച

ദോഹ: ഖത്തറിനു നേരെ ഇന്നും ഇറാന്റെ ആക്രമണം. ഡ്രോൺ ആക്രമണത്തെ ഖത്തർ സായുധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘർഷങ്ങൾക്കിടെ ചൈനയുമായി ഖത്തർ ആശയവിനിമയം നടത്തി. ബുധനാഴ്ചയുണ്ടായ ക്രൂയിസ് മിസൈൽ ആക്രമണത്തിന് ശേഷം ഇന്നലെയും ഇന്നുമായി നിരവധി ഡ്രോണുകളാണ് ഖത്തറിനെ ലക്ഷ്യം വച്ചെത്തിയത്. എന്നാൽ എല്ലാ ഡ്രോൺ ആക്രമണത്തെയും ഖത്തർ സായുധ സേന നിർവീര്യമാക്കി. ആളപായങ്ങളോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആക്രമണത്തിന് എത്ര ഡ്രോണുകൾ ഉപയോഗിച്ചു എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച പുലർച്ചെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഖത്തർ എനർജിയുടെ നിയന്ത്രണത്തിലുള്ള അക്വ വൺ ഓയിൽ ടാങ്കറിന് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സംഘർഷങ്ങൾക്കിടെ ചൈനീസ് അംബാസഡർ കാവോ ഷിയോലിനുമായി ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് അൽ ഖുലൈഫി ചർച്ച നടത്തി.
മേഖലയിലെ സൈനിക സംഘർഷങ്ങൾക്കൊപ്പം ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണവും ഇരുവരും ചർച്ച ചെയ്തു. ദീർഘകാല ഊർജ പങ്കാളിത്ത കരാർ നിലവിലുള്ള രാഷ്ട്രമാണ് ഖത്തറും ചൈനയും. സംഘർഷം ചൈനയിലേക്ക് അടക്കമുള്ള എൽഎൻജി കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. ആക്രമണങ്ങൾക്ക് പിന്നാലെ, ഖത്തർ എനർജി ചൈനയിലേത് അടക്കമുള്ള കരാറുകളിൽ ഫോഴ്സ് മെജുർ പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

