പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നത് ഇസ്രായേൽ നിർത്തണം: യുഎന്നിൽ ഖത്തർ
ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്‌മദ് ബിൻ സൈഫ് അൽഥാനിയാണ് നിലപാടുകൾ ആവർത്തിച്ചത്

ദോഹ: ഗസ്സയിൽ ഭക്ഷണമെത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് തടസ്സം നിൽക്കുന്ന ഇസ്രായേൽ നിലപാടിനെതിരെ വീണ്ടും ഖത്തർ. പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നത് ഇസ്രായേൽ നിർത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയിലാണ് ഖത്തറിന്റെ പ്രതികരണം. യുഎൻ രക്ഷാസമിതിയിൽ ഐക്യരാഷ്ട്ര സഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്‌മദ് ബിൻ സൈഫ് അൽഥാനിയാണ് ഗസ്സ വിഷയത്തിൽ രാജ്യത്തിന്റെ പ്രഖ്യാപിത നിലപാടുകൾ ആവർത്തിച്ചത്. ഗസ്സ മുനമ്പിലേക്ക് സുരക്ഷിതവും സുസ്ഥിരവും തടസ്സരഹിതവുമായ മാനുഷിക സഹായങ്ങൾ എത്തിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു. വിവരണാതീതമാണ് ഗസ്സയിലെ സാഹചര്യങ്ങളെന്നും മുനമ്പിൽ പട്ടിണി പിടിമുറുക്കിയതായും ശൈഖ ആലിയ ചൂണ്ടിക്കാട്ടി.
ആശുപത്രികൾ, സ്‌കൂളുകൾ അടക്കമുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കു മേലുള്ള ആക്രമണം ഇസ്രായേൽ അവസാനിപ്പിക്കണം. സിവിലിയന്മാരെ ആക്രമിക്കുന്നതും നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. സാധാരണക്കാരുടെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ അത്യാവശ്യമാണെന്നും ശൈഖ ആലിയ ആവശ്യപ്പെട്ടു.
ഗസ്സയിൽ ശാശ്വത വെടിനിർത്തലിനായുള്ള ഖത്തറിന്റെ ശ്രമങ്ങൾ തുടരുകയാണെന്നും അവർ അറിയിച്ചു. ഈജിപ്തും യുഎസുമായി ചേർന്ന് ആത്മാർഥ പരിശ്രമങ്ങളാണ് നടത്തിവരുന്നത്. നേരത്തെ നടത്തിയ നയതന്ത്ര ശ്രമങ്ങൾ വിജയം കണ്ടിട്ടുണ്ട്. ഇത്തവണയും ലക്ഷ്യം കൈവരിക്കുമെന്ന് ശൈഖ ആലിയ പ്രത്യാശ പ്രകടിപ്പിച്ചു.
Adjust Story Font
16

