പെരുന്നാളിൽ മിന്നിത്തിളങ്ങി കതാറ കൾച്ചറൽ വില്ലേജ്
എല്ലാദിവസവും രാത്രി എട്ടരയ്ക്ക് നടന്ന കരിമരുന്നു പ്രയോഗമായിരുന്നു ആഘോഷങ്ങളുടെ ഏറ്റവും വലിയ ആകർഷണം

ദോഹ: ഖത്തറിൽ ബലി പെരുന്നാൾ ആഘോഷങ്ങളുടെ കേന്ദ്രമായി കതാറ കൾച്ചറൽ വില്ലേജ്. മൂന്നു ദിവസം നീണ്ട പരിപാടികളിൽ വിദേശത്തു നിന്നടക്കം ആയിരങ്ങൾ പങ്കെടുത്തു. കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനാണ് കലാ-സാംസ്കാരികാഘോഷം സംഘടിപ്പിച്ചത്.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ കതാറയിൽ പരിപാടികൾ അരങ്ങേറിയത്. എല്ലാദിവസവും രാത്രി എട്ടരയ്ക്ക് നടന്ന കരിമരുന്നു പ്രയോഗമായിരുന്നു ആഘോഷങ്ങളുടെ ഏറ്റവും വലിയ ആകർഷണം. ഇത് ആസ്വദിക്കാനായി മാത്രം കുടുംബ സമേതം ആയിരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കതാറ കോർണിഷിൽ തടിച്ചുകൂടി.
ഇതിന് പുറമേ, ഖത്തറിന്റെ പൈതൃകം വിളിച്ചോതിയ സംസ്കാരിക പരിപാടികൾ, സൈനിക പരേഡ്, ത്രീഡി സ്പേസ് ഷോ തുടങ്ങിയവയും ചടങ്ങുകൾക്ക് മാറ്റു കൂട്ടി. കുട്ടികൾക്കായി പ്രത്യേക സമ്മാനപ്പൊതികളും സംഘാടകർ ഒരുക്കിയിരുന്നു.
സാംസ്കാരിക, കലാ, ടൂറിസം രംഗത്ത് കതാറയുടെ പ്രഭാവം അടയാളപ്പെടുത്തുന്നതായിരുന്നു ഇത്തവണത്തെ ജനക്കൂട്ടമെന്ന് കതാറ പബ്ലിക് റിലേഷൻ ആന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ സാലിം മബ്കൂത് അൽ മർറി പറഞ്ഞു. കതാറയ്ക്ക് പുറമേ, ഓൾഡ് ദോഹ പോർട്ട്, സൂഖ് വാഖിഫ്, അൽ ബിദ പാർക്ക് എന്നിവിടങ്ങളിലും പെരുന്നാൾ ആഘോഷങ്ങൾ വിപുലമായി അരങ്ങേറി.
Adjust Story Font
16

