Quantcast

ഖത്തറിൽ ഗാർഹികതൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ നിയമഭേദഗതികൾ പ്രഖ്യാപിച്ചു

ഗാർഹികതൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് മുൻപുള്ള പ്രൊബേഷൻ കാലാവധി മൂന്ന് മാസത്തിൽനിന്ന് ഒൻപത് മാസമായി ദീർഘിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    29 July 2021 6:57 PM GMT

ഖത്തറിൽ ഗാർഹികതൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ നിയമഭേദഗതികൾ പ്രഖ്യാപിച്ചു
X

ഖത്തറിൽ ഗാർഹികതൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ നിയമഭേദഗതികൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. ഖത്തറിലേക്ക് ഗദ്ദാമകൾ, ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹികജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ ഉത്തരവ്. ഗാർഹികതൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് മുൻപുള്ള പ്രൊബേഷൻ കാലാവധി മൂന്ന് മാസത്തിൽനിന്ന് ഒമ്പത് മാസമായി ദീർഘിപ്പിച്ചു.

റിക്രൂട്ടിങ് കമ്പനികൾ വിദേശ രാജ്യങ്ങളിൽനിന്ന് ഗാർഹികതൊഴിലാളികളെ ജോലിക്കായി ഖത്തറിലേക്ക് കൊണ്ടുവരുമ്പോൾ അതത് രാജ്യങ്ങൾ നിഷ്‌കർഷിക്കുന്ന തൊഴിൽനിയമങ്ങളും മറ്റ് വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. ഇതുവരെ മൂന്ന് മാസമായിരുന്ന ഗാർഹികതൊഴിലാളികലുടെ പ്രൊബേഷൻ കാലയളവ് ഒൻപത് മാസമായി ദീർഘിപ്പിച്ചതായും ഉത്തരവിലുണ്ട്. മൂന്നുമാസം പ്രാഥമിക നിരീക്ഷണ കാലയളവിനുശേഷം അടുത്ത ആറുമാസം പരീക്ഷണ കാലയളവായും കണക്കാക്കും.

ഖത്തറിലെത്തുന്നതിനുമുൻപുതന്നെ തൊഴിലാളിക്ക് തൊഴിലുലടമ ഒപ്പിട്ട തൊഴിൽ കരാറിന്റെ കോപ്പി റിക്രൂട്ടിങ് കമ്പനി കൈമാറണം. തൊഴിലുടമയ്ക്കുകീഴിൽ ജോലി തുടങ്ങുന്നതുവരെയുള്ള താമസസൗകര്യവും ഭക്ഷണവും റിക്രൂട്ടിങ് ഏജൻസി നൽകണം. പ്രൊബേഷൻ കാലപരിധിയിൽ തൊഴിലാളി കടന്നുകളയുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ രോഗബാധിതനാകുകയോ ചെയ്താൽ തൊഴിലുടമയിൽനിന്ന് ഈടാക്കിയ ഗാരന്റിതുക നിശ്ചിത കിഴിവ് കഴിച്ച് തിരിച്ചുനൽകാൻ റിക്രൂട്ടിങ് ഏജൻസി ബാധ്യസ്ഥരാണ്.

എന്നാൽ തൊഴിലാളിയെ തൊഴിലുടമ മർദിക്കുകയോ തൊഴിൽകരാർ ലംഘനം നടത്തുകയോ ചെയ്താൽ ഗാരന്റി തുക സംബന്ധമായ അവകാശം തൊഴിലുടമയ്ക്ക് നഷ്ടപ്പെടുകയും ചെയ്യും. പുതിയ നിയമഭേദഗതികൾ നിലവിൽവന്നു കഴിഞ്ഞതായും ഭരണവികസന തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story