Quantcast

ഗസ്സയിലേക്ക് മാനുഷിക സഹായം; സമുദ്ര ഇടനാഴിയില്‍ ഖത്തറും പങ്കാളികളാകും

അമേരിക്കൻ പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണ് ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കാൻ താൽക്കാലിക സമുദ്ര ഇടനാഴി തുറന്നത്

MediaOne Logo

Web Desk

  • Published:

    13 March 2024 5:49 PM GMT

ഗസ്സയിലേക്ക് മാനുഷിക സഹായം; സമുദ്ര ഇടനാഴിയില്‍ ഖത്തറും പങ്കാളികളാകും
X

ദോഹ: ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള സമുദ്ര ഇടനാഴിയില്‍ ഖത്തറും പങ്കാളികളാകുമെന്ന് വിദേശകാര്യ മന്ത്രാലയം. എന്നാല്‍ ഇതൊരു ബദല്‍ മാര്‍ഗമല്ലെന്നും ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരമാണ് ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ താല്‍ക്കാലിക സമുദ്ര ഇടനാഴി തുറന്നത്. ജര്‍മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലന്‍റ്സ്, സൈപ്രസ്, യുഎഇ, ബ്രിട്ടണ്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ ദൗത്യത്തിന്റെ ഭാഗമായിരുന്നത്. ഇന്നലെ 200 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി സൈപ്രസ് തീരത്തുനിന്നും ആദ്യ കപ്പല്‍ ഗസ്സയിലേക്ക് തിരിച്ചു.

രണ്ട് ദിവസത്തിനകം ഈ കപ്പല്‍ ഗസ്സയിലെത്തും. ഖത്തറും ഈ ദൗത്യത്തിന്റെ ഭാഗമാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അറിയിച്ചു. എന്നാല്‍ കരമാര്‍ഗം സഹായമെത്തിക്കുന്നതിന് ബദലല്ല സമുദ്ര ഇടനാഴിയെന്നും അദ്ദേഹം പറഞ്ഞു. റഫാ അതിര്‍ത്തി വഴി സഹായമെത്തിക്കുന്നതിന് ഇസ്രായേല്‍ സൗകര്യമൊരുക്കണമെന്ന്‌ മാജിദ് അല്‍ അന്‍സാരി ആവര്‍ത്തിച്ചു.

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്. ഉന്നതതലത്തില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടക്കുന്നുണ്ട്. പെരുന്നാളിന് മുമ്പ് ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗസ്സയിലേക്ക് ഇതുവരെ 85 വിമാനങ്ങളിലായി 2506 ടണ്‍ അവശ്യ വസ്തുക്കള്‍ ഖത്തര്‍ അയച്ചതായും മാജിദ് അല്‍ അന്‍സാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

TAGS :

Next Story